phc
കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ എടയപ്പുറം സബ് സെന്റർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കാൽകോടി രൂപ ചെലവിൽ നിർമ്മിച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ എടയപ്പുറം സബ് സെന്റർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് തുക അനുവദിച്ചതെങ്കിലും സാങ്കേതിക തടസത്തെ തുടർന്ന് നിർമ്മാണം വൈകുകയായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഉറുമ്പത്ത് യു.ജെ. പോളിന്റെ ഭാര്യ അന്നമ്മ പോൾ 55 വർഷങ്ങൾക്ക് മുമ്പ് സൗജന്യമായി വിട്ടു നൽകിയ 20 സെന്റ് സ്ഥലത്താണ് സബ് സെന്റർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽമുത്തലിബ് മുഖ്യാതിഥിയായിരുന്നു. സ്ഥലം വിട്ടുതന്ന ഉറുമ്പത്ത് കുടുംബാംഗമായ ആൽഫിയെ ആദരിച്ചു. വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, സ്ഥിരംസമിതി ചെയർമാന്മാരായ അഭിലാഷ് അശോകൻ, കുഞ്ഞുമുഹമ്മദ് സൈതാലി, പൗളി ജോണി, രമേശൻ കാവലൻ, കാജ മൂസ, സാഹിദ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.