sabarimala

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ 'വേണ്ടപ്പെട്ട'വനല്ലെന്ന കാരണത്താൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചു.

''മലയാള ബ്രാഹ്മണനല്ലാത്തതിനാൽ നിരസിക്കുന്നു\'\' എന്ന ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ റിജക്‌ഷൻ മെമ്മോ ചൊവ്വാഴ്ച കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണന് ലഭിച്ചു. ആക്ഷേപമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമാണ് ഇന്റർവ്യൂ.

കോട്ടയത്ത് എസ്.എൻ.ഡി.പി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയാണ് വിഷ്ണുനാരായണൻ. കഴിഞ്ഞ വർഷവും അപേക്ഷിച്ചിരുന്നെങ്കിലും നിരസിച്ചിരുന്നില്ല. അഭിമുഖത്തിന് വിളിച്ചതുമില്ല. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ജന്മബ്രാഹ്മണ്യം ഒഴികെ ബോർഡ് നിഷ്കർഷിച്ച എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് ഇദ്ദേഹം.

ദേവസ്വം ബോർഡുകളിലെ ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി 2002ൽ ഉത്തരവിട്ടതാണ്. 2014ൽ ഉമ്മൻചാണ്ടി സർക്കാരും എല്ലാ ദേവസ്വം ബോർഡുകൾക്കും ഈ നിർദ്ദേശം നൽകിയിരുന്നു.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ആവേശംകാട്ടിയ ദേവസ്വം ബോർഡും സർക്കാരും മേൽശാന്തി നിയമനകാര്യത്തിൽ നിഷേധം തുടരുകയാണ്.

അന്വേഷിച്ച് പറയാം

വിഷ്ണുനാരായണന്റെ അപേക്ഷ നിരസിച്ച കാര്യം അറിയില്ല. അന്വേഷിച്ച് മറുപടി പറയാം. കാലങ്ങളായി തുടർന്നുവരുന്ന കീഴ്വഴക്കവും കോടതികാര്യങ്ങളും പരിശോധിക്കണം.

എ.പത്മകുമാർ, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്