തൃക്കാക്കര: അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുമെന്ന തൃക്കാക്കര നഗരസഭാ കൗൺസിൽ തീരുമാനം ചുവപ്പുനാടയിൽ കുരുങ്ങിയിട്ട് വർഷം ഒന്ന് പിന്നിടുന്നു. നഗരപരിധിയിലുള്ള നിരത്തുകളിലൂടെ ഇരുചക്ര വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്നവരുടെ തലയ്ക്കു മുകളിൽ കൂറ്റൻ ബോർഡുകളുടെ രൂപത്തിൽ ദുരന്തം പതിയിരിക്കുന്നത് .
കളക്ടറേറ്റ് ജംഗ്ഷനിൽ കഴിഞ്ഞദിവസം കൂറ്റൻ ഫ്ലക്സ് ബോർഡ് സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്തേക്കു വീണത് ഒടുവിൽ നടന്ന സംഭവമാണ്. ഏതാനും മാസം മുൻപ് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജംഗ്ഷനു സമീപവും ചെമ്പുമുക്കിലും ഇരുചക്രവാഹന യാത്രക്കാർക്ക് ബോർഡ് വീണു പരിക്കേറ്റിരുന്നു. പടമുകൾ പമ്പ് ജംഗ്ഷനിൽ ഫ്ലക്സ് ബോർഡ് കാൽനടക്കാരന്റെ തലയിൽ വീണിട്ടുണ്ട്.
റോഡു നീളെ അനധികൃത പരസ്യ ബോർഡുകൾ
ഔദ്യോഗിക ഏജൻസികളുടെയൊന്നും അനുമതിയില്ലാതെയാണ് ഭൂരിഭാഗം ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോർഡുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ട നഗരസഭയാകട്ടെ അപകടങ്ങൾ പതിവായിട്ടും അനങ്ങുന്നില്ല. തദ്ദേശ സ്ഥാപനത്തിന്റേയും മറ്റും അനുമതിയോടെ മാത്രമേ പൊതുനിരത്തുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാവൂ. പരസ്യ ബോർഡുകൾ സ്ഥാപിക്കും മുൻപ് നിശ്ചിതഫീസും അടക്കണം. ബോർഡിന്റെ വർഷം തോറുമുള്ള ഫീസ് പിരിച്ചെടുക്കാൻ കരാർ നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കാത്തതിനാലാണ് നിരത്തുകൾ നിറയെ പരസ്വ ബോർഡുകൾ വരാൻ കാരണം. ബോർഡുകളുടെ സുരക്ഷാ പരിശോധനയ്ക്കും സംവിധാനമില്ല.
സർക്കാർ സ്ഥാപനങ്ങളുടെ ചുറ്റുമതിലിലും ഇലക്ട്രിക് പോസ്റ്റുകളിലും വരെ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞിട്ടും അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ സമരങ്ങളുടേയും സമ്മേളനങ്ങളുടേയും പ്രചാരണത്തിനായും അഭിവാദ്യമർപ്പിച്ചും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഒരു നിയന്ത്രണവുമില്ലാതെയാണ് പൊതുനിരത്തുകളിൽ വയ്ക്കുന്നത്. ഇതൊന്നും എടുത്തുമാറ്റാനുള്ള ധൈര്യം ഉദ്യോഗസ്ഥർക്കില്ല താനും.
മാതൃകയായി കൊച്ചി കോർപ്പറേഷൻ
അനധികൃത ബോർഡുകളും ഫ്ളക്സുകളും കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേയർ സൗമിനി ജെയിനിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.