മൂവാറ്റുപുഴ: ജീവനും സ്വത്തിനും വൻ ഭീഷണി ഉയർത്തി ഏതുനിമിഷവും നിലംപൊത്താൻ നിൽക്കുന്ന വാകമരം വെട്ടിമാറ്റണമേയെന്ന പ്രാർത്ഥനയിലാണ് പരിസരവാസികളും യാത്രക്കാരും. പായിപ്ര - ചെറുവട്ടൂർ റോഡിൽ മാനാറി കാവുംപടിക്കുസമീപം വാകമരമാണ് വില്ലൻ. ഈ മരം അപകട ഭീഷണിയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളുടെ പഴക്കമുളള വാകമരം വളർന്ന് പടർന്ന് പന്തലിച്ച് ഏതു നിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിൽ അടി ഇളകി നിൽക്കുകയാണ്. മരം മറിഞ്ഞുവീണാൽ കെ.എസ്.ഇ.ബിയുടെ 11 കെ.വി ലെെനിനു മുകളിലേക്കായിരിക്കുമെന്നത് ദുരന്തഭീഷണിക്ക് ആക്കംകൂട്ടുന്നു. മരം രാത്രികാലങ്ങളിൽ കടപുഴകി വീണാൽ മെെക്രോജംഗ്ഷനിലിരിക്കുന്ന ട്രാൻസ് ഫോമറിലേക്ക് വൈദ്യുതി കടന്നുപോകുന്ന ലെെനുൾപ്പെടെ പൊട്ടി വൻ ദുരന്തത്തിനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. ശക്തമായ കാറ്റുംമഴയുമുണ്ടാകുമ്പോൾ പരിസരവാസികളും യാത്രക്കാരും മരം മറിഞ്ഞുവീഴാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുകയാണ്.
മരത്തിന്റെ വേരുകൾ പടർന്ന് റോഡിന്റെ ടാറിട്ട ഭാഗവും മരത്തിന്റെ അടിഭാഗത്തെയുൾപ്പെടെ മണ്ണ് ഇളകി വിണ്ടുകീറിയിരിക്കുകയാണ്. മരത്തിനോട് ചേർന്ന് തമ്പലത്തോടിന്റെ കെെത്തോടും ഒഴുകുന്നു. മരം നിൽക്കുന്നതിന് എതിർവശത്തുള്ള വീടുകളിൽ താമസിക്കുന്നവരും അടുത്തുള്ള ഇഷ്ടിക കമ്പനിയിൽ ജോലിചെയ്യുന്നവരും ഭീതിയിലാണ്. ഏഴ് ബസുകളും നൂറുകണക്കിന് മറ്റ് വാഹനങ്ങൾ ഓടുന്ന പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിലാണ് വലിയ വാകമരം നിൽക്കുന്നത്.
നടപടിയെടുക്കുന്നില്ല
സമീപത്തു താമസിക്കുന്ന ഞങ്ങൾ അപകടം മുൻകൂട്ടി കണ്ട് ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതരോടും പരാതി പറഞ്ഞു. ഇവർ വന്നു നോക്കിപ്പോയതല്ലാതെ മരം മുറിച്ചുമാറ്റുന്നതിനോ ശിഖരങ്ങൾ മുറിച്ച് അപകടം ഒഴിവാക്കുന്നതിനോ നടപടികൾ കെെകൊണ്ടിട്ടില്ല. ഇൗ അടുത്ത നാളിൽ വൻമരങ്ങൾ വീടുകളിലേക്കും ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്കുമുൾപ്പടെ കടപുഴകി വീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും വന്നിരുന്നു.
സുരേന്ദ്രൻ, ഷാജി
നടപടി സ്വീകരിക്കും
അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരം വെട്ടിമാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. നസീമ സുനിൽ, വാർഡ് മെമ്പർ