house
നെടുമ്പാശേരി പഞ്ചായത്ത് 11 -ാം വാർഡിൽ ആവണംകോട് മണപ്പുറത്ത് കെ.എസ്. സനൽ വീടിന് കല്ലിടുന്നു

നെടുമ്പാശേരി: പ്രളയത്തിൽ വീട് പൂർണമായും നഷ്ടമായ സഹോദരങ്ങൾക്ക് കൈത്താങ്ങായി നെടുമ്പാശേരി വിമാനത്താവളം പൗരസമിതി രംഗത്ത്. നെടുമ്പാശേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആവണംകോട് മണപ്പുറം തച്ചിച്ചാലിൽ കെ.എസ്. സനലിനും സഹോദരി സനിതക്കുമാണ് കിടപ്പാടം നിർമ്മിക്കുന്നത്.

ഒൻപതുവർഷം മുമ്പ് അസുഖം ബാധിച്ച് ഇവരുടെ പിതാവ് ശശിയും നാലുമാസം മുമ്പ് മാതാവ് സതിയും മരണമടഞ്ഞു. പ്ളസ്ടു പഠനം കഴിഞ്ഞതോടെ കുടുംബ പ്രാരാബ്ധത്തെതുടർന്ന് സനൽ പെയിന്റിംഗിന് പോയാണ് കുടുംബം പുലർത്തിയിരുന്നത്. ആലുവയിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സനിതയുടെ പഠനത്തിനാവശ്യമായ പണവും സനിലാണ് കണ്ടെത്തിയിരുന്നത്. പട്ടയം പോലുമില്ലാത്ത നാല് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് പ്രളയം ഉണ്ടായിരുന്ന വീടും തകർത്തത്. ഇതേത്തുടർന്ന് പ്ളാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇരുവരും ഇപ്പോൾ കഴിയുന്നത്. ഇവരുടെ ദയനീയ സ്ഥിതി അറിഞ്ഞാണ് പൗരസമിതി വീട് നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയത്.

450 ചതുരശ്ര അടിയുള്ള വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. സനലിനെ കൊണ്ട് തന്നെയാണ് വീടിന് തറക്കല്ലിടീച്ചത്. നിർമ്മാണം തുടങ്ങുന്നതോടെ കൂടുതൽ പേരുടെ സഹായമെത്തുമെന്ന പ്രതീക്ഷയിലാണ് പൗരസമിതി പ്രവർത്തകർ. ഭാരവാഹികളായ ലൈജു ഇട്ടൂപ്പ്, ലിന്റോ വർഗീസ്, ടി.എസ്. അരുൺ, ടി.എം. വിനോയി എന്നിവരുടെ നേതൃത്വത്തിലാണ് വീട് പണിയുന്നത്.