road
ആലുവ പച്ചക്കറി മാർക്കറ്റിൽ നിന്നും പഴയ മാർക്കറ്റിലേക്കുള്ള കാളചന്ത റോഡ് നവീകരിച്ച നിലയിൽ

ആലുവ: ആലുവയിലെ വിവാദമായ വൺവേ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയപ്പോൾ ആലുവ ട്രാഫിക്ക് പൊലീസ് വാഗ്ദാനം ചെയ്ത റോഡ് ഉപയോഗസജ്ജമായി. ആലുവ പച്ചക്കറി മാർക്കറ്റിൽ നിന്ന് പഴയ മാർക്കറ്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഴിയുന്ന വിധത്തിൽ പഴയ കാളച്ചന്ത റോഡ് നവീകരിക്കുകയായിരുന്നു.

നഗരസഭയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ സാമ്പത്തിക സഹായമില്ലാതെ ട്രാഫിക്ക് പൊലീസ് നേരിട്ട് കൊച്ചി മെട്രോയെ സമീപിച്ചാണ് നവീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിപ്പിച്ചത്. ട്രാഫിക്ക് എസ്. ഐ മുഹമ്മദ് കബീർ, കൊച്ചി മെട്രോ നിർമ്മാണ വിഭാഗം ഉദ്യോഗസ്ഥരായ മുഹമ്മദ് ബഷീർ, വിജയകുമാർ എന്നിവരാണ് നിർമ്മാണം പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയത്. നിലവിലുണ്ടായിരുന്ന കുത്തനെയുള്ള ഇറക്കവും കൊടുംവളവും നിറഞ്ഞ റോഡാണ് ഇതെല്ലാമൊഴിവാക്കി പൂർണമായും നവീകരിച്ചത്. വഴിയിൽ ടൈലും വിരിച്ച് മനോഹരമാക്കി. ദേശീയപാതയുടെ സമാന്തര റോഡിൽ നിന്നും നവീകരിച്ച റോഡ് വഴി പഴയ മാർക്കറ്റ്, ഫയർ സ്റ്റേഷൻ ഭാഗത്തേക്ക് കാർ വരെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാം. നേരത്തെ ഓട്ടോറിക്ഷകൾ പോകുമെങ്കിലും അപകടഭീതിയിലായിരുന്നു യാത്ര.

പച്ചക്കറി മാർക്കറ്റിൽ നിന്ന് പഴയ മാർക്കറ്റിലേക്ക് വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള വഴിയിൽ വൺവേ ഏർപ്പെടുത്തിയതോടെ കച്ചവടക്കാരുടെ ഭാഗത്തുനിന്ന് ഏറെ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പഴയ കാളച്ചന്ത റോഡ് നവീകരിക്കാൻ ട്രാഫിക്ക് പൊലീസ് മെട്രോയുടെ സഹായം തേടിയത്. വൺവേ ഗതാഗതം മാസങ്ങൾക്ക് ശേഷം 90 ശതമാനവും പിൻവലിച്ചെങ്കിലും ട്രാഫിക്ക് പൊലീസ് വാഗ്ദാനത്തിൽ നിന്ന് പിന്നാക്കം പോയിരുന്നില്ല.