കൊച്ചി : ശബരിമല പുനരുദ്ധാരണത്തിന് തുക കണ്ടെത്താൻ സ്ഥാപിക്കുന്ന പ്രത്യേക ഭണ്ഡാരങ്ങളിലെയും കളക്‌ഷൻ സെന്ററുകളിലയും വരുമാനം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും കോടതിയുടെ നിർദ്ദേശമില്ലാതെ വിനിയോഗിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
നിലയ്ക്കൽ, എരുമേലി, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിൽ ഭണ്ഡാരങ്ങൾ സ്ഥാപിക്കുമ്പോൾ പമ്പ റിലീഫ് ഫണ്ടെന്ന് വെളുത്ത നിറമുള്ള പ്രതലത്തിൽ ചുവന്ന നിറത്തിൽ എഴുതി വയ്ക്കണം. ഭക്തരിൽ നിന്ന് ചെക്കായും ഒാൺലൈനായും സംഭാവന സ്വീകരിക്കാൻ പമ്പയിലും സന്നിധാനത്തും കളക്‌ഷൻ സെന്ററുകൾ തുടങ്ങണം.
മണൽ നീക്കണം
പ്രളയത്തെത്തുടർന്ന് പമ്പയുടെ മുകൾ ഭാഗത്ത് രണ്ടു കിലോമീറ്ററോളം ദൂരം നാലടി പൊക്കത്തിൽ മണൽ അടിഞ്ഞു കൂടിയത് നീക്കണം. മഴ പെയ്താൽ മണൽ വീണ്ടും പമ്പയിലേക്ക് എത്തുമെന്നതിനാലാണ് നിർദ്ദേശം. ഹിൽടോപ്പിലും ചക്കുപാലത്തും മണൽ വാരിക്കൂട്ടിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു. ജല ലഭ്യതയ്ക്കായി കടുവാത്തോട് ചെക്ക് ഡാം നിർമ്മിക്കുന്നതിൽ വനം വകുപ്പ് എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത് 28ന് ചേരുന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.