കൊച്ചി:മുസ്ളിം സ്ത്രീകളെ പുരുഷന്മാർക്കൊപ്പം മസ്ജിദുകളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും പർദ്ദ ധരിക്കാൻ നിർബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി.
ഈ ഹർജി നൽകാൻ ഹർജിക്കാരന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് മുസ്ളിം സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും വിലയിരുത്തി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിയുടെ താല്പര്യമെന്താണെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. ഹിന്ദു മഹാസഭയുടെ പ്രതിനിധിയെന്ന നിലയിലാണ് ഹർജിയെന്ന് കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ച ഹർജിക്കാരൻ പറഞ്ഞു. മുസ്ളീം സ്ത്രീകൾ ആരെങ്കിലും പരാതിയുമായി വന്നിട്ടുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേട്ടറിവുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകാനാവില്ല. വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുസ്ളീം സ്ത്രീകളാണ് പരാതി പറയേണ്ടത്. അവർക്ക് പള്ളിയിൽ പോകാൻ താല്പര്യമില്ലെങ്കിലോ? ഇതിനോട് അവർക്ക് യോജിപ്പ് ഇല്ലെങ്കിലോ ? - കോടതി ചോദിച്ചു.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി സുപ്രീം കോടതി വിധിയുള്ള സാഹചര്യത്തിൽ എല്ലാ ആരാധനാലയങ്ങളിലും ഇതു നടപ്പാക്കണമെന്നതിനാലാണ് ഹർജി നൽകിയതെന്ന് ഹർജിക്കാരൻ വിശദീകരിച്ചു. ശബരിമല പ്രവേശനവുമായി ഇൗ വിഷയത്തിന് ഒരു ബന്ധവുമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മുസ്ളിം സ്ത്രീകൾ ഇത്തരമൊരു ആവശ്യവുമായി വന്നാൽ പരിഗണിക്കാം. ഇക്കാര്യത്തിൽ ചിലർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേട്ടിരുന്നതായും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.