കൂത്താട്ടുകുളം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച നാമജപയാത്രയിൽ നൂറുകണക്കിനുപേർ അണിനിരന്നു. രാമപുരം കവലയിൽ ആരംഭിച്ച് പട്ടണം ചുറ്റി ഓണംകുന്ന് ഭഗവതിക്ഷേത്രത്തിൽ സമാപിച്ചു. ശബരിമല മുൻ മേൽശാന്തി അത്രാശേരി രാമൻ നമ്പൂതിരി യാത്ര ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം, തിരുമാറാടി, കിഴകൊമ്പ്, കോഴിപ്പിള്ളി, പാലക്കുഴ, കാക്കൂർ, ആലപുരം, ഇലഞ്ഞി, ഒലിയപ്പുറം പ്രദേശങ്ങളിലെ അയപ്പഭക്തർ നാമജപപദയാത്രയിൽ പങ്കെടുത്തു.
എൻ.എസ്.എസ് കരയോഗം യൂണിയൻ പ്രസിന്റ് ആർ. ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൽ മുഖ്യപ്രഭാഷണം നടത്തി. വിശ്വബ്രാഹ്മണസഭ സംസ്ഥാന അദ്ധ്യക്ഷൻ വി. ചന്ദ്രാചാര്യ, അഖിലകേരള വിശ്വകർമ്മസഭ ജില്ലാ സെക്രട്ടറി പി.സി. അജയഘോഷ്, മുനിസിപ്പൽ ചെയർമാൻ പി.സി. ജോസ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സി.പി. സത്യൻ, എം.പി. മോഹനൻ, ഡോ. ഗോവിന്ദൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.