മൂവാറ്റുപുഴ: പറഞ്ഞുവരുമ്പോൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ യാത്രക്കാർക്കെന്ന പേരിൽ നിരവധി വെയിറ്റിംഗ് ഷെഡുകളുണ്ട്. പക്ഷേ ഇവ കൊണ്ട് യാത്രക്കാർക്ക് പ്രയോജനമൊന്നുമില്ലെന്ന് മാത്രം. കാലപ്പഴക്കത്താൽ പലതും ജീർണാവസ്ഥയിലാണ്. പ്രായമായ യാത്രക്കാർക്ക് ഇവിടങ്ങളിൽ ഒന്നിരിക്കാൻ പോലുമുള്ള സംവിധാനമില്ലെന്നതാണ് വസ്തുത. പലേടത്തും ദുരിതമായി മാറി. ബസ് കാത്തിരുപ്പു കേന്ദ്രമെന്നാണ് പേരെങ്കിലും പ്രായമായവർക്കുപോലും ഇരിക്കാൻ ഇടമില്ലെന്നതാണ് വസ്തുത.
മഴയത്തും വെയിലത്തും ദുരിതം
പെയ്താൽ മുഴുവൻ നനയും, വെയിലാണെങ്കിലും രക്ഷയില്ല. ഇതാണ് നഗരത്തിലെ വെയിറ്റിംഗ് ഷെഡുകളുടെ പ്രത്യേകത . അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ പണിനടക്കുമ്പോൾതന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കോൺട്രാക്ടർമാർ വകവെയ്ക്കാതെ നിർമ്മാണം നടത്തുകയായിരുന്നു.
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് തൊടുപുഴ , പിറവം ഭാഗങ്ങളിലേക്കുള്ള രണ്ട് വെയ്റ്റിംഗ് ഷെഡുകളുടെയും മേൽക്കൂര പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കോതമംഗലം, അടി വാട് , ആലുവ ,എറണാകുളം, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കായി നഗരത്തിലെ വിവധ ഭാഗങ്ങളിൽ നിർമ്മിച്ചിട്ടുള്ളവയുടെയും അവസ്ഥ ഇതുതന്നെ. ഇവിടെ ബസ് കാത്തു നിൽക്കുന്നവർ മഴയത്ത് കുടചൂടി നിൽക്കണം.വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ ചെളിവെള്ളം ദേഹത്തേക്ക് തെറിച്ചുവീഴുമെന്നത് ഉറപ്പാണ്.
ആധുനികരീതിയിൽ നിർമ്മിക്കണം
വെയിറ്റിംഗ് ഷെഡുകൾ ആധുനിക രീതിയിൽ നിർമ്മിച്ച് യാത്രക്കാർക്ക് സുരക്ഷിതമായി കയറി നിൽക്കാൻ ഒരിടം എന്ന രീതിയിലേക്ക് നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.