കൊച്ചി: ശരിയായ ചികിത്സയുടെ അഭാവമാണ് ഇന്ന് ചികിത്സരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. സി.എൻ. മോഹനൻ നായർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം നോർത്ത് മുളക്കുളം ശാഖ നൽകിയ പുരസ്കാരം ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതനിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയാൽ ഒട്ടേറെപ്പേരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിയും. കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മുന്നൂറോളം തരം കാൻസറുകളിൽ 160 എണ്ണവും പൂർണമായി ചികിത്സിച്ചു മാറ്റാം. പാചകരീതിയിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങൾ പലവിധ കാൻസർ രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞുഞ്ഞ മുളക്കുളം ശ്രീനാരായണ സാംസ്കാരിക ആഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ കടത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ്, ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി, മുൻ ഉപാദ്ധ്യക്ഷ ഐഷ മാധവ്, കൗൺസിലർമാരായ തമ്പി പുതുവാക്കുന്നേൽ, അജേഷ് മനോഹർ, ജിൻസ് പെരിയപ്പുറം, മുളക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സഖറിയ വർഗീസ്, ക്ഷീരോല്പാദക സംഘം പ്രസിഡന്റ് അഡ്വ. കെ.എൻ. ചന്ദ്രശേഖരൻ, ഡോ. ഫയാസ് അമീൻ അബ്ദുൾ ഗഫൂർ, ഡോ.എസ് ഉണ്ണിക്കൃഷ്ണൻ, ഡോ. ജോസഫ് ഫ്രീമാൻ, ശാഖാ പ്രസിഡന്റ് പി.കെ. രാജീവ്, സെക്രട്ടറി എം.എ. സുമോൻ, കേരളകൗമുദി റിപ്പോർട്ടർ എ.ആർ. വിജയൻ എന്നിവർ പ്രസംഗിച്ചു.