ആലുവ: ആലുവ പച്ചക്കറി മാർക്കറ്റിൽ നിന്ന് പഴയ മാർക്കറ്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പഴയ കാളച്ചന്ത റോഡ് നവീകരിച്ചിട്ടും ഉപയോഗിക്കാതെ ഡ്രൈവർമാർ നിയമം ലംഘിക്കുന്നു. മിനി ലോറി വരെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യത്തിന് കാളച്ചന്ത റോഡ് നവീകരിച്ച് തുറന്നുകൊടുത്തിട്ടും വാഹനങ്ങൾ നിരോധനമുള്ള റോഡിലൂടെ തന്നെയാണ് പഴയ മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നത്.
മുഴുവൻ സമയവും ട്രാഫിക്ക് പൊലീസിനെ നിയോഗിച്ച് വാഹനം തടയേണ്ട അവസ്ഥയാണ്. മിക്കവാറും സമയം ഇവർ ഉണ്ടെങ്കിലും കണ്ണുവെട്ടിച്ചാൽ ഡ്രൈവർമാർ നിരോധനമുള്ള റോഡിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നതെന്നാണ് പരാതി. നഗരത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയപ്പോഴാണ് മാർക്കറ്റ് ഭാഗത്തെ കച്ചവടക്കാരുടെ ആവശ്യപ്രകാരം കാളച്ചന്ത റോഡ് നവീകരിക്കാൻ തീരുമാനിച്ചത്. അൻവർ സാദത്ത് എം.എൽ.എയും ട്രാഫിക്ക് പൊലീസും ഇടപ്പെട്ടാണ് നവീകരണത്തിന്റെ ചുമതല മെട്രോയെക്കൊണ്ട് ഏറ്റെടുപ്പിച്ചത്. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്..