mvpa-53
മൂവാറ്റുപുഴ ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ വികസനത്തിന്റെ ഭാഗമായി നിലവിൽ പണം നൽകിയവരുടെ സ്ഥലം ഏറ്റെടുക്കൽ 25ന് ആരംഭിക്കും. ഇതിന് മുന്നോടിയായി ഏറ്റെടുക്കുന്ന സ്ഥലത്തെ ഭൂമി പരിവർത്തനത്തിനായി സംസ്ഥാന ഭൂമിപരിവർത്തന കമ്മിറ്റി വിദഗ്ദ്ധസമിതി അംഗം ഡോ.ലീനാകുമാരി സ്ഥലപരിശോധന നടത്തി. മൂവാറ്റുപുഴ ആർ.ഡി.ഒ എം.ടി. അനിൽകുമാർ, വെള്ളൂർകുന്നം വില്ലേജ് ഓഫീസർ എ.പി. സന്തോഷ്, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് നദിയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

മൂവാറ്റുപുഴ ടൗൺ വികസനവുമായി ബന്ധപ്പെട്ട് വെള്ളൂർകുന്നം, മാറാടി വില്ലേജുകളിലായി കിടക്കുന്ന സ്ഥലമാണ് പരിവർത്തനം ചെയ്യേണ്ടത്. ഇതിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടിലാണ്. 83പേരുടെ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിന് കെ.എസ്.ടി.പി.യിൽ നിന്നും 15ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. സ്ഥലമേറ്റെടുക്കുന്നതിന് കെ.എസ്.ടി.പിയിൽ നിന്നും കഴിഞ്ഞ ദിവസം 2.75കോടി രൂപകൂടി എൽ.എ തഹസിൽദാർക്ക് കൈമാറിയിരുന്നു. സർക്കാർ അംഗീകരിച്ച ആർ.ആർ.പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാര വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പൊളിച്ച് മാറ്റപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും റവന്യൂ വകുപ്പ് തയ്യാറാക്കിയ നഷ്ടപരിഹാരമായ 20.60ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ടൗൺ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ കാലതാമസം വരുത്താതെ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.