കൊച്ചി : പി.എഫ് പെൻഷൻ തുക പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എംപ്ളോയീസ് പ്രൊവിഡന്റ് ആക്ടിൽ 2014 ൽ കേന്ദ്രം കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ഭേദഗതി ഹെെക്കോടതി ഡിവിഷൻ ബെഞ്ച് അപ്പാടെ റദ്ദാക്കി. പി.എഫ് പെൻഷൻകാരുടെ ചിരകാല ആവശ്യമാണ് ഇതോടെ നിറവേറിയത്. ശമ്പള അടിസ്ഥാനത്തിൽ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ലഭിക്കാൻ തൊഴിലാളികൾക്ക് ഇനി കൂടുതൽ വിഹിതം അടയ്ക്കാം. മാത്രമല്ല ഇൗ ഒാപ്ഷൻ സമയ പരിധിയില്ലാതെ തിരഞ്ഞെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനു വിരുദ്ധമായി എംപ്ളോയീസ് പ്രൊവിഡന്റ് ആക്ടിൽ 2014 ൽ കൊണ്ടുവന്ന ഭേദഗതി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 2014 ലെ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് കെൽട്രോൺ ഉദ്യോഗസ്ഥനായ ടി.വൈ. വിജയകുമാർ ഉൾപ്പെടെ നൽകിയ 507 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
പെൻഷൻ തുക കണക്കാക്കാൻ വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളമാണ് നേരത്തെ കണക്കിലെടുത്തിരുന്നതെങ്കിൽ ഭേദഗതി വന്നതോടെ ഇത് അവസാന അഞ്ച് വർഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കിലെടുക്കുന്ന നിലയിലായി. നിലവിലെ ആനുകൂല്യം ഇല്ലാതാക്കുന്ന ഇത്തരം വ്യവസ്ഥ നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
1995 ലെ ഇ.പി.എഫ് പെൻഷൻ സ്കീമനുസരിച്ച് പെൻഷൻ കണക്കാക്കുന്നത് പരമാവധി 6500 രൂപ ശമ്പളമായി നിശ്ചയിച്ചായിരുന്നു. ഇതിൽ തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 8.33 ശതമാനം തുകയാണ് പെൻഷൻ ഫണ്ടിലേക്ക് മാറ്റിയിരുന്നത്. ഇതോടൊപ്പം തൊഴിലാളിക്ക് തന്റെ യഥാർത്ഥ ശമ്പളത്തിന്റെ വിഹിതം നൽകി ഉയർന്ന പെൻഷനുവേണ്ടി ഒാപ്ഷൻ നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഭേദഗതി വന്നതോടെ പരമാവധി ശമ്പളം 15,000 ആക്കി നിജപ്പെടുത്തി. മാത്രമല്ല, ഇൗ തുകയ്ക്ക് മുകളിലുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതം നൽകി ഉയർന്ന പെൻഷന് ആറ് മാസത്തിനകം ഒാപ്ഷൻ നൽകണമെന്നും കൂടിയ ശമ്പളത്തിന്റെ 1.16 ശതമാനം തുക അധിക വിഹിതമായി അടയ്ക്കണമെന്നും നിഷക്ർഷിച്ചിരുന്നു. ഇതും റദ്ദാക്കി. ഉയർന്ന പെൻഷനു വേണ്ടി ഒാപ്ഷൻ നൽകാൻ നിശ്ചിത തീയതി തീരുമാനിക്കുന്നത് വിരമിച്ചവരെ രണ്ടായി തിരിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതം നൽകാൻ തയ്യാറുള്ളവർക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്. ഇതു നിലനിൽക്കില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.തികച്ചും തൊഴിലാളികൾക്ക് അനുകൂലമായ വിധിയായാണിതെന്നും കുറഞ്ഞ പെൻഷൻ നൽകാൻ പി. ഫ് അധികൃതർ നടത്തിയ കുത്സിത നിയമ നീക്കമാണ് ഇതിലൂടെ പൊളിഞ്ഞതെന്നുമാണ് നിയമ വിദഗ്ദർ വിലയിരുത്തുന്നത്.