രക്ഷകനായത് മന്ത്രി ജി. സുധാകരൻ
റോഡ് നവീകരണത്തിന് തുടക്കം
തൃക്കാക്കര: തകർന്ന് കിടന്ന കാക്കനാട് സിവിൽ ലൈൻ റോഡ് ഒട്ടേറെ വിവാദങ്ങൾക്കും പരാതികൾക്കുമൊടുവിൽ നന്നാക്കിത്തുടങ്ങി. പടമുകൾ ഭാഗത്തുനിന്നാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. അൻപതുലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചിരുന്നത്.
പണം അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നവീകരണത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ വീഴ്ച വരുത്തിയ രണ്ട് എൻജിനിയർമാരെ മന്ത്രി ജി.സുധാകരൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ തുടർ നടപടികൾ വേഗത്തിലായി. കാക്കനാട് സിവിൽലൈൻ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പി.ടി. തോമസ് എം.എൽ.എ ഒരു കോടിരൂപ അനുവദിച്ചെങ്കിലും പിന്നീട് പിന്മാറിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. റോഡിനിടെ ടെൻഡർ ആദ്യ ഘട്ടത്തിൽ വിവാദങ്ങളെ ഭയന്ന് ആരും എടുത്തിരുന്നില്ല. പിന്നീട് റീ ടെണ്ടറിൽ മൂന്നുപേർ പങ്കെടുത്തു.
റോഡിന്റെ നവീകരണം നിലച്ചതോടെ മെട്രോ കൊച്ചിക്ക് നാണക്കേടുണ്ടാക്കുന്ന റോഡായി പാലാരിവട്ടം - കാക്കനാട് സിവിൽലൈൻ റോഡ്. ഏഴുകിലോമീറ്റർ വരുന്ന ഭാഗം തകർന്നടിഞ്ഞു. ജില്ലാ കളക്ടർ, എ.ഡി.എം. മൂന്ന് നാല് എം.എൽ.എമാർ, ആർ.ഡി.ഒ, റോഡിന്റെ ചുമതലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാധികാരികൾ ഉൾപ്പടെയുള്ളവർ നിത്യവും ഈ റോഡിലെ കുഴികളിൽ വീണ് നിരങ്ങി മാസങ്ങളായി സഞ്ചരിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ പാലാരിവട്ടം - കാക്കനാട് സിവിൽലൈൻ റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ യാത്ര ദുഷ്കരമായിരുന്നു. ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂർത്തീകരിച്ചിരുന്നതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.