mvpa54
മയിലാടുംപാറ ഖനനത്തിന് ജില്ലാ കളക്ടർ സ്റ്റേ നൽകിയതിൽ ആഹ്ലാദം പ്രകടപ്പിച്ച് ബി.ജെ.പി. യുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു ഉദ്ഘാടനം ചെയ്യുന്നു. സജിമോൻ, ബിജുമോൻ, എം.എസ്.ശ്രീകുമാർ, എം.എസ്. കൃഷ്ണകുമാർ, സെബാസ്റ്റ്യൻ മാത്യു, അജയ് മോഹനൻ എന്നിവർ സമീപം.

മൂവാറ്റുപുഴ: മയിലാടുംപാറ ഖനനത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നയിച്ച ജനകീയ സമരത്തിന് വിജയപര്യസമാപ്തി. ഖനനത്തിന് കളക്ടറുടെ സ്റ്റേ. ഇത് സംബന്ധിച്ച ഉത്തരവ് മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്ക് നൽകി. പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം പരിസ്ഥിതി പ്രധാനവും പ്രകൃതിരമണീയവുമായ മൈലാടുംപാറ തകർക്കാൻ ഒത്താശയും പിന്തുണയും നൽകിയിടത്താണ് ജനകീയസമരം വിജയം കണ്ടത്. 2014 മുതൽ തുടർച്ചയായി നടത്തിയ സമരമാണ് വിജയിച്ചതെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. മധു, സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ദിലീപ് കുമാർ എന്നിവർ പറഞ്ഞു.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മൈലാടുംപാറ ഇക്കോ അഡ്വഞ്ചർ ടൂറിസം കേന്ദ്രമായി മാറ്റാൻ പദ്ധതി തയ്യാറായി വരുന്നതിനിടയിലാണ് ഖനനമാഫിയ പിടിമുറുക്കാൻ ശ്രമിച്ചത്. വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ കഴിഞ്ഞ ജൂൺ 21 ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവിടെ ഇക്കോ അഡ്വഞ്ചർ ടൂറിസത്തിന് വളരെയധികം സാദ്ധ്യതയുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഖനനത്തിനെതിരെ കളക്ടർക്ക് പരാതിയും നൽകിയിരുന്നു. 2017 സെപ്തംബർ 14 ന് ബി.ജെ.പി. സംസ്ഥാന പരിസ്ഥിതി സമിതി നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ജനവരി മുതലാണ് ബി.ജെ.പി., യുവമോർച്ച പ്രവർത്തകരും നാട്ടുകാരും സമരം ശക്തമാക്കിയത്.

ജില്ലാ കളക്ടറുടെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാറാടിയിൽ നടന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു ഉദ്ഘാടനം ചെയ്തു. മാറാടി മണ്ഡലം പ്രസിഡന്റ് സജിമോൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ബിജുമോൻ, നഗരസഭാ കൗൺസിലർ പ്രേംചന്ദ്, എം.എസ്. ശ്രീകുമാർ, എം.എസ്. കൃഷ്ണകുമാർ, സെബാസ്റ്റ്യൻ മാത്യു, അരുൺ മോഹൻ, അനീഷ് പുളിക്കൻ , രഞ്ജിത്, ഷീജ പരമേശ്വരൻ, ജയ്മോൾ വിൽസൻ, കെ.എൻ. അജീവ് എന്നിവർ സംസാരിച്ചു.