മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ നടുതൊണ്ട് തോട് ചെക്ക് ഡാം നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു ഐസക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ രാജു, മെമ്പർമാരായ എ. സോമൻ, ഷീല മത്തായി, കൃഷി ഓഫീസർ വി.പി.സിന്ദു, ചോലക്കാപാടം കർഷക സമിതി സെക്രട്ടറി പി.വി.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
കുന്നയ്ക്കാൽ പാടശേഖരത്തിലേയ്ക്കുള്ള ജലമൊഴുകുന്ന നടുതൊണ്ട് തോടിന് കുറുകെയാണ് ചെക്ക് ഡാം നിർമിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ മുടക്കിയാണ് ചെക്ക് ഡാം നിർമിച്ചിരിക്കുന്നത്. ചെക്ക് ഡാം പ്രവർത്തനമാരംഭിച്ചതോടെ ഏക്കർ കണക്കിന് വരുന്ന ചോലക്കാപാടത്തേയും, നടുത്തൊണ്ട് പാടത്തേയും നെൽകർഷകർക്ക് ഏറെ പ്രയോജനകരമാണ്. ഇതിന് പുറമേ വേനൽ കാലത്ത് ചെക്ക് ഡാമിന്റെ ഷട്ടറുകൾ അടച്ചിടുമ്പോൾ പ്രദേശത്തെ കിണറുകളും കുളങ്ങളും ജലസമൃദ്ധമാകും.
.