കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് താരസംഘടനയായ അമ്മ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിൽ പ്രതിഷേധിച്ച് സംഘടനയിൽ നേതൃമാറ്റം ആവശ്യപ്പെടുമെന്നും വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ളിയു.സി.സി) പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാഅംഗങ്ങളായ രേവതി, പദ്മപ്രിയ, പാർവതി തിരുവോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാർത്താസമ്മേളനം. പീഡനത്തിനിരയായ സഹപ്രവർത്തകയ്ക്ക് സംഘടനയിൽ നിന്ന് നീതി കിട്ടിയില്ല. ലോകത്തെവിടെയും മീ ടൂ മൂവ്മെന്റ് നടക്കും മുമ്പ് തന്നെ തങ്ങളുടെ സഹപ്രവർത്തക സ്വന്തം ദുരനുഭവം വിളിച്ചുപറഞ്ഞു. ഡബ്ളിയു.സി.സി എന്ന സംഘടനയ്ക്കും തുടക്കമിട്ടു. എന്നിട്ടും നീതി കിട്ടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ മീ ടൂ വെളിപ്പെടുത്തലുകളിൽ ആരോപണ വിധേയർക്കെതിരെ നടപടികളുണ്ടാകുന്നതാണ് കണ്ടത്. ഇവിടെയോ? അമ്മയിൽ നടക്കുന്നത് നാടകങ്ങളാണ്. വാക്കുപാലിക്കാതെ നേതൃത്വം അപമാനിച്ചു. അടുത്ത നീക്കമെന്തെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ വ്യക്തി അകത്തും ഇര പുറത്തും നിൽക്കുന്ന സംഘടനയാണ് അമ്മ. ഇരയ്ക്ക് വേണ്ട പിന്തുണ കുറ്റാരോപിതനാണ് ലഭിക്കുന്നതെന്ന് അവർ പറഞ്ഞു. ഡബ്ളിയു.സി.സി അംഗങ്ങളായ അഞ്ജലി മേനോൻ, രമ്യ നമ്പീശൻ, റിമാ കല്ലിംഗൽ, ദീദി ദാമോദരൻ, ബീന പോൾ, സജിത മഠത്തിൽ, ദിവ്യപ്രഭ, അർച്ചന പദ്മിനി, സംഗീത തുടങ്ങിയവരും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ചർച്ചയ്ക്ക് ചെന്ന തങ്ങളെ അമ്മ പ്രസിഡന്റായ മോഹൻലാൽ നടിമാർ എന്ന് മാത്രം വിശേഷിപ്പിച്ചതിലെ പ്രതിഷേധമായി രേവതി, പാർവ്വതി, പദ്മപ്രിയ എന്നിവർ സിനിമാ രംഗത്തെ അനുഭവസമ്പത്ത് വിശദീകരിച്ച് സ്വയം പേരുകൾ പറഞ്ഞ് പരിചയപ്പെടുത്തിയാണ് പത്രസമ്മേളനം ആരംഭിച്ചത്. ആഗസ്റ്റ് 7ന് പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ നിർവാഹക സമിതിയുമായി നടന്ന ചർച്ചയിൽ സംഭവിച്ചതെന്ത് എന്ന് മൂവരും വിശദീകരിച്ചു. ദുരനുഭവം വെളിപ്പെടുത്തിയ ഇരയായ പെൺകുട്ടിക്കും സമൂഹത്തിനുമിടയിൽ ആർക്കും കാണാനാവാത്ത ഒരു മതിൽ സൃഷ്ടിക്കപ്പെട്ടപ്പോൾ കുറ്റാരോപിതനെ സംഘടന സംരക്ഷിച്ചു. അയാൾക്കായി ചലച്ചിത്രങ്ങൾ ഒരുങ്ങി.

രക്ഷതേടി 17കാരി വാതിലിൽ മുട്ടി

രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിയിരുന്നുവെന്നും അത് ഇനി ആവർത്തിക്കപ്പെടരുതെന്നും രേവതി പറഞ്ഞു. തന്റെ മകൾ സിനിമാമേഖലയിലേക്ക് വന്നാൽ അവൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. പരാതി പറയാനുള്ള ഒരിടം സിനിമാ മേഖലയിൽ വേണം. വെറും ലൈംഗിക ചൂഷണം മാത്രമല്ല നടക്കുന്നത്. ജോലി സാഹചര്യം, പ്രതിഫലം തുടങ്ങി നിരവധി വിഷയങ്ങളിൽ ശ്രദ്ധ പതിയാനുണ്ട്. അമ്മ ഒരു സന്തുഷ്ട കുടുംബമാണെന്ന മുഖംമൂടിയാണ് പൊതുസമക്ഷത്തിൽ കാണിക്കുന്നത്. അത് പൊളിക്കുകയാണ് ലക്ഷ്യം. തങ്ങൾ രാജിവച്ച് ഒഴിയുമെന്ന് കരുതിയെങ്കിൽ തെറ്റി. സംഘടനയ്ക്ക് അകത്തു നിന്ന് പൊരുതും. സംഘടനയെ അല്ല, നേതൃത്വത്തെയാണ് എതിർക്കുന്നതെന്നും അവർ വ്യക്തമാക്കി.