atm-robery

കൊച്ചി: സംസ്ഥാനത്ത് മുമ്പ് എ.ടി.എം കവർച്ച നടത്തി മുങ്ങിയ പ്രതികൾ തന്നെയാണ് കഴിഞ്ഞ ദിവസം ഇരുമ്പനത്തും കൊരട്ടിയിലും കവർച്ച നടത്തിയതെന്ന് സംശയം. കഴിഞ്ഞ വർഷം ചെങ്ങന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവർച്ചയിൽ ഡൽഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. ഡൽഹി ക്രൈംബ്രാഞ്ച് പൊലീസിൽ അംഗമായിരുന്ന അബ്ളൂഖാൻ എന്ന ആളാണ് സംഘത്തലവനെന്നാണ് നിഗമനം. ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്. കുറവിലങ്ങാട്, ഇരുമ്പനം, കളമശേരി, കൊരട്ടി എ.ടി.എമ്മുകളിൽ കയറിയത് മൂന്നു പേർ മാത്രമാണ്. പിന്നീട് ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ കാമറ ദൃശ്യങ്ങളിൽ ഏഴു പേർ വേഷം മാറി പോകുന്നത് കണ്ടു. ഇവർ എ.ടി.എം തകർത്തവരാണെന്ന് ഉറപ്പില്ലെന്നും അന്വേഷണംസംഘം പറഞ്ഞു. എ.ടി.എമ്മുകളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോക്ക് കൈമാറി. അടുത്തകാലത്ത് എ.ടി.എം കേസുകളിൽ ജയിൽ മോചിതരായവരെക്കുറിച്ചുള്ള വിവരങ്ങളും ഇവരിൽ നിന്ന് തേടിയിട്ടുണ്ട്.

ചെങ്ങന്നൂർ ചെറിയനാട്, മാരാരിക്കുളം, കരയിലകുളങ്ങര, രാമപുരം എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളാണ് കഴിഞ്ഞ വർഷം സംഘം ലക്ഷ്യമിട്ടിരുന്നത്. ചെറിയനാട്ടു നിന്ന് മാത്രമേ പണം കവരാനായുള്ളൂ. ഈ കേസിൽ പൊലീസ് ഡൽഹിയിൽ അന്വേഷണത്തിനെത്തിയപ്പോൾ കഴക്കൂട്ടത്തെ എ.ടി.എം തകർത്തു. പിന്നീട് ചെങ്ങന്നൂർ സ്വദേശിയും 15 വർഷമായി ഡൽഹിയിൽ താമസക്കാരനുമായ സുരേഷ് കുമാർ പിടിയിലായി. ഇയാളിൽ നിന്നാണ് സംഘത്തലവനായ അബ്ളൂഖാൻ ഉൾപ്പെടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായില്ല. ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാനുള്ള ഹാൻഡിൽ സിലിണ്ടർ വാങ്ങിയ രാജസ്ഥാനിലെ കട പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിന്നീട് അന്വേഷണത്തിൽ താത്പര്യം പ്രകടിപ്പിച്ചില്ല.

ഇക്കുറിയും എം.സി റോഡിലൂടെ

കഴിഞ്ഞ തവണ മോഷണസംഘം എം.സി റോഡിലൂടെ ഇന്നോവ കാറിലാണ് എത്തിയത്. ഇക്കുറിയും ഇതേ റോഡ് തന്നെ തിരഞ്ഞെടുത്തു. അന്ന് ഇന്നോവയാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. അതിനാലായിരിക്കാം ഇത്തവണ മോഷ്‌ടിച്ച വാഹനം ഉപയോഗിച്ചത്. നാട്ടിൽ നിന്ന് വരാനും പാേകാനും ട്രെയിൻ തിരഞ്ഞെടുത്തു. മോഷണത്തിന് എത്തുമ്പോൾ ഈ സംഘം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നാണ് അന്നത്തെ അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

അബ്‌ളൂഖാന്റെ സംഘത്തിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർക്കാൻ വിദഗ്‌ദ്ധരുണ്ട്. കാഷ് ഡോറിന്റെ ഇരുമ്പ് പാളി അറുത്തു മുറിച്ചതിനാൽ മോഷണത്തിന് പിന്നിൽ ഈ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.