pradeep
പ്രദീപ് പുരുഷോത്തമൻ

കൊച്ചി : 'പ്രളയകാലത്തെ കൈത്താങ്ങിന്റെ ഒാർമ്മയ്ക്കായി സ്കൂൾ മുറ്റത്തെ കിണറിന്റെ ചിത്രം വരച്ചുതരുമോ?'- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നവരുടെ കാരിക്കേച്ചർ വരച്ച് നൽകുമെന്ന് ഫേസ്‌ബുക്കിൽ പ്രഖ്യാപിച്ച പ്രദീപ് പുരുഷോത്തമനെ തേടിയെത്തിയ വേറിട്ടൊരു ചലഞ്ചായിരുന്നു അത്.കാസർകോട് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ 1982ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായ 'ഒാർമ്മക്കൂട്ടി'ന്റേതായിരുന്നു ആവശ്യം.

പ്രദീപിന്റെ 'ഫേസ്‌ബുക്ക് ചലഞ്ചി'നെക്കുറിച്ച് ആഗസ്റ്റ് 28ന് 'കേരളകൗമുദി' നൽകിയ വാർത്ത കണ്ടിട്ടായിരുന്നു പൂർവ വിദ്യാർത്ഥികളുടെ അഭ്യർത്ഥന. 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ രസീതിനൊപ്പം സ്‌കൂൾ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്ന കിണറിന്റെ ചിത്രവും കൂട്ടായ്മയുടെ സെക്രട്ടറിയും കാസർകോട് ജില്ലാ മലേറിയ ഒാഫീസറുമായ വി. സുരേശൻ അയച്ചു കൊടുത്തു.

ഈ സ്നേഹക്കിണറാണ് 82 ബാച്ചിന്റെ വിദ്യാലയ ഓർമ്മകളുടെ മുഖമുദ്ര. വേനൽകാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സ്‌കൂളിനായി കഴിഞ്ഞ വർഷമാണ് 3.50 ലക്ഷം രൂപ ചെലവഴിച്ച് ഓർമ്മകൂട്ടായ്‌മ കിണർ നിർമ്മിച്ച്നൽകിയത്. മുന്നൂറോളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. സ്കൂളിന് കുടിവെള്ളമേകിയ സ്നേഹക്കൂട്ടായ്മ, നാടിന് തണലേകിയ സന്തോഷത്തിൽ, ഒറ്റ ദിവസം കൊണ്ട് പ്രദീപ് ചിത്രം വരച്ചുനൽകി.

പ്രദീപിന്റെ ചലഞ്ച്, നാടിന് 10ലക്ഷം

'വീ ഷാൽ ഒാവർ കം' എന്ന പേരിൽ ആഗസ്റ്റ് അവസാനം തുടങ്ങിയ ചലഞ്ചിൽ പ്രദീപ് ഇതുവരെ 58 ചിത്രങ്ങൾ പൂർത്തിയാക്കി. ഇവരിലൂടെ പത്ത് ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്കെത്തി. 'ഇനിയുമിനിയും ചിത്രങ്ങൾ വരച്ചു നൽകാം. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൂമ്പാരമാകട്ടേ' - എന്നാണ് പ്രദീപിന്റെ പ്രതീക്ഷ.