wcc-press-meet
wcc press meet

കൊച്ചി: 'അമ്മ' വിവാദത്തിൽ മലയാള സിനിമാപ്രേക്ഷകർ രണ്ടായിത്തിരിഞ്ഞ് പോരാട്ടം തുടരുന്നു. ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കളക്ടീവ് ) കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി തെളിച്ചു. ഒരു കൂട്ടർ ഡബ്ല്യു.സി.സിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോൾ എതിർപക്ഷം ട്രോളുകളും മോശം കമന്റുകളും നിറയ്ക്കുകയാണ്.വാർത്താസമ്മേളനത്തിലെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യശൈലിയും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അമ്മ പ്രസിഡന്റ് മോഹൻലാലിനെ പരസ്യമായി വിമർശിച്ചു എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജിൽ വനിതാ അംഗങ്ങൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുകയാണ്. പഴയ പോസ്റ്റുകൾക്ക് അടിയിൽ പോലും അസഭ്യ കമന്റുകൾ നിറയുകയാണെന്ന് ഡബ്ല്യു.സി.സിയുടെ പേജ് കൈകാര്യം ചെയ്യുന്ന സംഗീത `കേരളകൗമുദി`യോട് പറഞ്ഞു. നാൽപതിലേറെ അശ്ലീലപദങ്ങൾ ഫിൽട്ടർ ചെയ്തുവച്ചിട്ടും മോശം കമന്റുകൾക്ക് കുറവില്ല. സൈബർ പരാതി കൊടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

രേവതി, പാർവതി, പദ്മപ്രിയ എന്നിവരുൾപ്പെടുന്ന ഡബ്ല്യു.സി.സി കൂട്ടായ്മയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നവരുമുണ്ട്. ആൺമേൽക്കോയ്‌മയ്ക്കെതിരെ ഉയരുന്ന ശബ്ദമാണ് ഇവരുടേതെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിലെ സിനിമാക്കൂട്ടായ്മകളിലും പ്രധാന ചർച്ച അമ്മയും പെൺമക്കളും തമ്മിലുള്ള തർക്കം തന്നെ.