മൂവാറ്റുപുഴ: ബ്രാഹ്മണ സമൂഹമഠത്തിൽ നവരാത്രിയാഘോഷം തുടങ്ങി. കാവുംപടിയിലെ ബ്രാഹ്മണസമൂഹമഠം ഹാളിൽ പതിവുപോലെ ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട്. കടല, പയർ തുടങ്ങിയവകൊണ്ട് തയ്യാറാക്കുന്ന ചുണ്ടൽ എന്ന പലഹാരവും മധുരപലഹാരങ്ങളുമാണ് പ്രസാദമായി നൽകുന്നത്. ആഘോഷങ്ങൾ ഒത്തുചേരലിന്റെ വേദികൂടിയാണ്. കലാപരിപാടികൾ അവതരിപ്പിച്ചും സന്ദർശകർക്ക് താംബൂലവും ദക്ഷിണയും നൽകിയും സായാഹ്നം സജീവമാണ്.
പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോർത്തിണക്കി ഒരുക്കുന്ന ബൊമ്മക്കൊലു കാണാൻ നിരവധിപേരാണ് എത്തുന്നത്. 3, 5, 7, 9 എന്നിങ്ങനെയാണ് പടികളുടെ എണ്ണം ചിട്ടപ്പെടുത്തുക. ഈ പടികളിൽ വൈവിദ്ധ്യമാർന്ന സന്ദർഭങ്ങളെ അനുസ്മരിപ്പിക്കുന്ന നിരവധി ബൊമ്മകളെയാണ് അണിനിരത്തിയിട്ടുള്ളത്. മണ്ണിലും പ്ലാസ്റ്റർ ഒഫ് പാരീസിലും തീർത്തതും തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്നതുമായ ബൊമ്മകളെ കൂടാതെ മരം കൊണ്ടുള്ള മരപ്പാച്ചി പ്രതിമകളും ഇക്കൂട്ടത്തിലുണ്ട്. ദേവീദേവന്മാർ, ഗുരുക്കന്മാർ, ആത്മീയാചാര്യന്മാർ, നവോത്ഥാന നായകർ, രാഷ്ട്രശില്പികൾ, പക്ഷിമൃഗാദികൾ തുടങ്ങിയവ കൂടാതെ പുരാണ കഥാസന്ദർഭങ്ങൾ, വിവാഹ ചടങ്ങുകൾ, മറ്റ് ഉത്സവങ്ങൾ തുടങ്ങി സ്വാതന്ത്ര്യസമരം വരെ സൂചിപ്പിക്കുന്ന ബൊമ്മകളെ ഇവിടെ കാണാം.
ഒൻപതുദിവസത്തെ പൂജയ്ക്കുശേഷം ദശമിനാളിൽ ബൊമ്മകളെ എടുത്ത് പാനകനിവേദ്യത്തിനു ശേഷം കിടത്തും. എടുക്കുന്ന ഭൂരിപക്ഷം ബൊമ്മകളും വിശ്വാസികൾ സ്വന്തമാക്കുകയാണ് പതിവ്. ഇവ സൂക്ഷിക്കുന്ന വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. ബാക്കിയുള്ള ബൊമ്മകൾ അടുത്തവർഷത്തേക്കായി തുണിയിൽ പൊതിഞ്ഞ് മരംകൊണ്ട് നിർമ്മിച്ചപെട്ടിയിൽ സൂക്ഷിക്കും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിദ്ധ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.