ആലുവ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ശബരിമല ധർമ്മ ശാസ്താ ആലങ്ങാട് യോഗം നാമജപ ഘോഷയാത്രയും തുടർന്ന് നാമജപ സത്യാഗ്രഹവും നടത്തി. ആലങ്ങാട് ചെമ്പോല കളരിയിൽ നിന്ന് രാവിലെ ആരംഭിച്ച നാമജപ ഘോഷയാത്ര പറവൂർ കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന സത്യാഗ്രഹം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ആലങ്ങാട് യോഗം പ്രസിഡന്റ് സജീവൻ തത്തയിൽ അദ്ധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വിപിനേന്ദ്രകുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, ഏലൂർ ഗോപിനാഥ്, കെ.പി. സുരേഷ്, കെ.എൻ. സുബ്രഹ്മണ്യൻ, ശ്രീകുമാർ ചെമ്പോല, എ.സി. കലാധരൻ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.