കൊച്ചി:താര സംഘടനയായ അമ്മയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച വിമൻ ഇൻ സിനിമാ കളക്ടീവിന് വ്യക്തമായ അജണ്ടയുണ്ടെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവും എക്സിക്യൂട്ടീവ് അംഗം ബാബുരാജും പറഞ്ഞു. ഡബ്ല്യു.സി.സി കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ആ അജണ്ട എന്താണെന്ന് അന്വേഷിക്കുന്നില്ല. ആരെയും പറഞ്ഞുപറ്റിച്ചിട്ടില്ല. അവരുടെ ആവശ്യങ്ങൾക്ക് സംഘടനയുടെ നിയമം അനുസരിച്ചുള്ള മറുപടി നൽകുകയായിരുന്നുവെന്ന് ഇടവേള ബാബു 'കേരളകൗമുദി'യോട് പറഞ്ഞു. വിവാദത്തിൽ കൂടുതൽ മറുപടി പറയേണ്ടതില്ലെന്നും ഗാന്ധിയൻ മാർഗം പിന്തുടരാനുമാണ് തീരുമാനം. ഉടനെ മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
ആരോപണങ്ങൾക്ക് മറുപടി
സിനിമ നൽകാമെന്നോ പണം നൽകാമെന്നോ ആരും വാഗ്ദാനം ചെയ്തിട്ടില്ല. അവർ ആവശ്യപ്പെട്ടതനുസരിച്ച് എക്സ്ട്രാ ഓർഡിനറി ജനറൽ ബോഡി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെടണം. ഭരണഘടന മാറ്റുന്നതിന് വനിതകളുടെ യോഗം വിളിച്ച് അവരുടെ അഭിപ്രായം അറിയാമെന്നാണ് മറുപടി നൽകിയത്. പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞിരുന്നു. അതിനിടെ പ്രളയം കാരണം ഇക്കാര്യത്തിൽ ശ്രദ്ധ പതിഞ്ഞില്ല. പ്രളയനഷ്ടത്തേക്കാൾ വലുതല്ല ദിലീപ് സംഘടനയിൽ തുടരുന്നതോ ഇര സംഘടന വിട്ടു പോയതോ. ഇപ്പോഴും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സമാഹരിക്കാനുള്ള തിരക്കിലാണ് അമ്മ.
ഡബ്ല്യു.സി.സിയിലെ മൂന്ന് വനിതാഅംഗങ്ങൾ ഒഴികെ മറ്റൊരു വനിതയും ഇതുവരെ അമ്മയ്ക്കെതിരെ പറഞ്ഞിട്ടില്ല. പൊതുയോഗത്തിന്റെ തീയതി ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചു എന്നാണ് അവരുടെ ആരോപണം. സംഘടനയിൽ 18 വർഷമായി ഔദ്യോഗിക പദവിയുള്ള ആളാണ് താൻ. എല്ലാ വർഷവും ജൂണിലെ അവസാന ഞായറാഴ്ചയാണ് പൊതുയോഗം. അതുപോലും അവർക്ക് അറിയില്ല. അടുത്ത വർഷത്തെ ജനറൽ ബോഡി 2019 ജൂൺ 24ന് ആണെന്ന് കഴിഞ്ഞ ജനറൽബോഡിയിൽ അറിയിച്ചതാണ്. രേവതിയെ പൊതുയോഗത്തിലോ മറ്റു പരിപാടികളിലോ ക്ഷണിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. ഈ വിഷയം വന്നപ്പോഴാണ് രേവതി മേൽവിലാസവും ഫോൺനമ്പറും അമ്മയ്‌ക്ക് നൽകിയതെന്ന് ഇടവേള ബാബു പറഞ്ഞു.
നടിയെ തെറ്റിക്കാൻ ശ്രമം: ബാബുരാജ്
ആക്രമിക്കപ്പെട്ട നടിയെ അമ്മയുമായി തെറ്റിക്കാനാണ് ഡബ്ല്യു.സി.സിയുടെ ശ്രമമെന്ന് നടൻ ബാബുരാജ് ആരോപിച്ചു. ചൂടുവെള്ളത്തിൽ വീണ പൂച്ചയെന്ന് ഇരയെ അധിക്ഷേപിച്ചതല്ല. ഇരയ്ക്ക് ആരു പറയുന്നത് വിശ്വസിക്കണമെന്ന് അറിയാത്ത അവസ്ഥയാണെന്ന് പറഞ്ഞതിന്റെ കൂടെ ആ പഴഞ്ചൊല്ല് കൂട്ടിച്ചേർത്തെന്നേ ഉള്ളൂ. അതിന്റെ അർത്ഥം പാർവതിക്ക് അറിയില്ലായിരിക്കാം. നടിയെന്ന് വിളിക്കുന്നത് തെറ്റല്ല. തന്റെ ഭാര്യയും നടിയായിരുന്നു. അമ്മയുടെ പ്രസിഡന്റിന് മേൽ ആർക്കും കുതിര കയറാനാകുമെന്ന് കരുതേണ്ടെന്നും ബാബുരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് അധിക്ഷേപിച്ചുവെന്ന് വാർത്താസമ്മേളനത്തിനിടെ നടി പാർവതി തിരുവോത്ത് ആരോപിച്ചിരുന്നു.