al-ameen
അൽഅമീൻ കോളേജ് നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച കുടുക്ക ചലഞ്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രിൻസിപ്പൽ പ്രൊഫ. എം.ബി ശശിധരന് കുടുക്കകൾ കൈമാറുന്നു.

ആലുവ: ഒരു കുടുംബത്തിന്റെ പണിതീരാത്ത വീട് പൂർത്തിയാക്കാൻ എടത്തല അൽ അമീൻ കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ കുടുക്കയിൽ സമാഹരിച്ചത് അര ലക്ഷത്തിലധികം രൂപ. മൂന്നുവർഷം മുമ്പ് പണി ആരംഭിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പാതിയിൽ നിലച്ചുപോയ എടത്തല സ്വദേശിനിയുടെ വീടിനുവേണ്ടിയാണ് വിദ്യാർത്ഥികൾ വ്യത്യസ്തമായ രീതിയിൽ ധനസമാഹരണം നടത്തിയത്.
'കുടുക്ക ചലഞ്ച്' എന്നുപേരിട്ട പരിപാടിയിൽ ഓരോ വിദ്യാർഥിയും പരമാവധി തുക എത്തിക്കാൻ പ്രയത്‌നിച്ചു. വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും നടത്തിയ ധനസമാഹരണത്തിന് മികച്ച പ്രതികരണമാണുണ്ടായത്. നാലു ലക്ഷം രൂപ ചെലവുവരുന്ന പണിയുടെ ആദ്യഘട്ട ധനസമാഹരണമായിരുന്നു കുടുക്ക ചലഞ്ച് വഴി ആസൂത്രണം ചെയ്തത്. ഇനിയും വ്യത്യസ്തമായ ആശയങ്ങൾ പ്രാവർത്തികമാക്കി വീടുപണിക്ക് ആവശ്യമായ ബാക്കി തുകകൂടി സ്വരൂപിക്കാനാണ് തീരുമാനം.
നിറഞ്ഞ കുടുക്കകൾ പ്രിൻസിപ്പൽ പ്രൊഫ. എം.ബി. ശശിധരന് വോളണ്ടിയർമാർ കൈമാറി. ഏറ്റവുമധികം തുക സമാഹരിച്ച വിദ്യാർത്ഥിക്ക് സർക്കാരിന്റെ നവകേരള ലോട്ടറി ടിക്കറ്റ് സമ്മാനമായി നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഷഹനൂർ ബീഗം, അബ്ദുൽസലാം എന്നിവർ നേതൃത്വം നൽകി.