theft

ആലുവ: സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് പണം തട്ടിയ രണ്ടുപേരെ പത്ത് മാസത്തിന് ശേഷം പൊലീസ് പിടികൂടി. മദ്ധ്യപ്രദേശ് ജബൽപൂർ സ്വദേശി സുനിൽസാഹു (37), ജബൽപൂർ ഗണേഷ് ഗഞ്ചിൽ ഗിലാപ് സിംഗ് താക്കൂർ (72) എന്നിവരാണ് പിടിയിലായത്. 2017 ഡിസംബർ 14നാണ് ജാർഖണ്ഡ് സ്വദേശി സുരാദനിൽ നിന്ന് ഇവർ പണം തട്ടിയത്. കൊങ്ങോർപ്പിള്ളി നീറിക്കോട് കോയിക്കര കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സുരാദൻ അവധിക്ക് നാട്ടിലേക്ക് പോകുന്നതിന് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സുനിൽസാഹും സിംഗ് താക്കൂറും ചേർന്ന് 46,000 രൂപയും മൊബൈൽഫോണും എ.ടി.എം കാർഡും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.

സുരാദനുൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ മൂന്നാംനമ്പർ പ്ലാറ്റ് ഫോമിൽ ധൻബാദ് എക്‌സ്‌പ്രസ് കാത്തുനിൽക്കുമ്പോഴാണ് സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പ്രതികളെത്തിയത്. തുടർന്ന് ഇതര സംസ്ഥാനക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചു. ഒടുവിൽ സുരാദനെയും ഒഡിഷ സ്വദേശി തബോവൻ പ്രതാപിനെയും കൂടുതൽ പരിശോധിക്കാനെന്ന് പറഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് സുരാദന്റെ പോക്കറ്റിൽ നിന്ന് ബലം പ്രയോഗിച്ച് പണവും ഫോണും എ.ടി.എം കാർഡും തട്ടിയെടുക്കുകയായിരുന്നു.

പൊലീസ് പരിശോധനയിൽ പരിസരത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് തട്ടിപ്പ് സംഘത്തിന്റെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഹിന്ദിയിൽ മാത്രം സംസാരിച്ചതിനാൽ ഇവർ മലയാളികളല്ലെന്നും വ്യക്തമായി. തുടർന്ന് ഈ ദൃശ്യങ്ങൾ റെയിൽവേ പൊലീസിനും മറ്റു ജില്ലകളിലെ പൊലീസിനും കൈമാറി.

പ്രതികൾ രണ്ടുവർഷം മുമ്പ് കോയമ്പത്തൂരിൽ സമാന കുറ്റകൃത്യം നടത്തിയതായും തെളിഞ്ഞു. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ആലുവ സി.ഐ വിശാൽജോൺസൽ, എസ്.ഐ എം.എസ്. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.