കൊച്ചി: താരസംഘടനയായ അമ്മയിലെ ഭിന്നത പരസ്യമായ വിവാദമായി ഇന്നലെ പുറത്തുവന്നു. വനിതാ അംഗങ്ങളുടെ വിഷയം ചർച്ച ചെയ്യാൻ ഉടൻ പൊതുയോഗം വിളിക്കുമെന്ന് ഔദ്യോഗിക വക്താവ് എന്ന നിലയിൽ ജഗദീഷ് രാവിലെ വാർത്താക്കുറിപ്പ് ഇറക്കി. ജഗദീഷ് നൽകിയ വാർത്താക്കുറിപ്പ് തെറ്റാണെന്നും അങ്ങനെ പൊതുയോഗം വിളിക്കില്ലെന്നും മറ്റൊരു ഔദ്യോഗിക വക്താവ് സിദ്ദിഖ് ഉച്ചയ്ക്ക് വാർത്താസമ്മളനത്തിൽ തിരിച്ചടിച്ചു. കെ.പി.എ.സി ലളിതയും വാർത്താ സമ്മേളനത്തിൽ സന്നിഹിതയായിരുന്നു. അതേസമയം, നീതിയാണ് ആവശ്യപ്പെടുന്നതെന്നും സുരക്ഷിത തൊഴിലിടത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും അതിനെ അജൻഡയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും നടി പാർവതി പ്രതികരിച്ചു. മോഹൻലാലിനോട് സംസാരിച്ചതിന് ശേഷമാണ് വാർത്താക്കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖിന്റെ ആരോപണത്തിന് മര്യാദയുടെ പേരിൽ മറുപടി പറയുന്നില്ലെന്നും ജഗദീഷ് പിന്നീട് പറഞ്ഞു. എന്നാൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സിദ്ദിഖിനെയാണ് പിന്തുണച്ചത്. സിദ്ദിഖ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ഇടവേള ബാബു പറഞ്ഞു. നടൻ ദിലീപിന് വേണ്ടിയാണ് സിദ്ദിഖും കെ.പി.എ.സി ലളിതയും വാർത്താസമ്മേളനം നടത്തിയതെന്ന് പ്രചാരണമുണ്ട്. പരസ്യമായ വിഴുപ്പലക്കിലേക്ക് നീങ്ങുന്ന തരത്തിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോളും അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചിട്ടില്ല. അതിനാൽ ഭിന്നതകൾ അതേപോലെ മറനീക്കി നിൽക്കുകയാണ്. ഡബ്ലിയു.സി.സിക്കും വനിതാ അംഗങ്ങൾക്കുമെതിരെയാണ് പ്രധാനമായും സിദ്ദിഖ് ആഞ്ഞടിച്ചത്. എഴുപുന്നയിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു അമ്മയുടെ സെക്രട്ടറി സിദ്ദിഖിന്റെ വാർത്താസമ്മേളനം. സംഘടനയുടെ പ്രസിഡന്റിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കും. ഡബ്ളിയു.സി.സിക്ക് പിന്നിൽ മറ്റാരോ ആണ്. അമ്മയെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. നടിമാർ പറയുന്നത് കേട്ട് ദിലീപിനെ പുറത്താക്കാനോ സിനിമയിൽ വിലക്കാനോ ആവില്ല. ആരുടെയും ജോലി ഇല്ലാതാക്കാനല്ല സംഘടന. ഡബ്ളിയു.സി.സിക്കെതിരെ ഉയരുന്ന സെെബർ ആക്രമണം പൊതുജനത്തിന്റെ രോഷപ്രകടനമാണ്. ദിലീപ് പറഞ്ഞതു പ്രകാരം ഏതു സിനിമയിലെ അവസരമാണ് ഇല്ലാതായതെന്ന് നടി വ്യക്തമാക്കണം. സംവിധായകർക്കും തുറന്നു പറയാം. ദിലീപ് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. ഇത് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിച്ചതിനെതിരെയും സിദ്ദിഖ് വിമർശിച്ചു. എന്തുകൊണ്ട് നടിയെ ആക്രമിച്ച പ്രതി പൾസർ സുനിക്കെതിരെ നടിമാർ ഒന്നും പറയാതിരിക്കുന്നു. ബോളിവുഡിൽ ആരോപണം നേരിട്ടതിന് സംവിധായകരെ നടന്മാർ ഒഴിവാക്കിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ചു നിൽക്കണം: കെ.പി.എ.സി ലളിത
വെറുതേ പ്രശ്നങ്ങൾ ഉണ്ടാക്കാതെ എല്ലാവരും ഒന്നിച്ചു നിൽക്കണം. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് അവരെ പോയി കണ്ടിരുന്നു. താൻ ദിലീപിനെ ജയിലിൽ പോയി കണ്ടത് മാത്രമേ പുറത്തറിഞ്ഞുള്ളൂ.
പ്രായമാകുമ്പോൾ പഴയ വേഷങ്ങൾ ചെയ്യാൻ പറ്റില്ല. കിട്ടുന്ന അവസരങ്ങൾ നാം ചെയ്യണം. അല്ലാതെ പരാതി പറഞ്ഞിട്ട് കാര്യമില്ല. അമ്മയിലെ പ്രശ്നങ്ങൾ അതിനകത്ത് പറഞ്ഞു പരിഹരിക്കണം. മറ്റുള്ളവർക്ക് കൈകൊട്ടി ചിരിക്കാനുള്ള അവസരം ഉണ്ടാക്കരുത്.