ആലുവ: ആലുവ പച്ചക്കറി മാർക്കറ്റിൽ കൗൺസിലർമാർ ഇടപ്പെട്ട് നിർത്തിവെയ്പ്പിച്ച അനധികൃത നിർമ്മാണം ഇതുവരെ പൊളിച്ച് നീക്കിയില്ല. മാർക്കറ്റിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട 11 കച്ചവടക്കാരാണ് രണ്ടാം ശനിയാഴ്ച രാത്രി 11 കടകൾ നിർമ്മിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ ,സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ എന്നിവരാണ് പൊലീസിനെ വിളിച്ചുവരുത്തി നിർമ്മാണം തടസപ്പെടുത്തിയത്. തുടർന്ന് മുനിസിപ്പൽ സെക്രട്ടറിയെ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ നഗരസഭ നേരിട്ട് ഷെഡ് പൊളിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ല.
നാലര വർഷമായി നഗരസഭയുടെ പുതിയ മാർക്കറ്റ് നിർമ്മാണത്തിനായി മുൻകൂർ തുക നൽകി കാത്തിരുന്ന കച്ചവടക്കാർ കെട്ടിടനിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചാണ് കടകൾ സ്വന്തം നിലയിൽ നിർമ്മിക്കാൻ ആരംഭിച്ചത്. അഞ്ച് കടകൾക്കുള്ള ഇരുമ്പ് കാലുകൾ സ്ഥാപിച്ചിട്ടുണ്ട്.
ചുമട്ട് തൊഴിലാളികൾ നിർമ്മിച്ച ഷെഡും പച്ചക്കറി കച്ചവടത്തിനായി മറിച്ച് നൽകിയതും പൊളിച്ച് മാറ്റണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ ചില കൗൺസിലർമാരുടെ ഒത്താശയോടെയാണ് അനധികൃത നിർമ്മാണമെന്നാണ് ആക്ഷേപം. പ്രതിപക്ഷവും ഇക്കാര്യത്തിൽ മൗനവ്രതത്തിലാണ്.