mvpa62
കച്ചേരിത്താഴത്ത് വീതി കുറഞ്ഞ മീഡിയനോട് ചേർത്ത് അപകടം ക്ഷണിച്ചു വരുത്തുന്ന നിലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നു.

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസുകൾ ബസ്ബേയിൽ കയറാത്തതിനാൽ അപകടവും ഗതാഗതക്കുരുക്കും തുടർക്കഥയാകുന്നു. നഗര ഹൃദയമായ മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ബസ് ബേയാണ് കെ.എസ്.ആർ.ടി.സി ബസുകൾ ഒഴിവാക്കുന്നത്.

കോട്ടയം, തൊടുപുഴ, പിറവം ഭാഗത്തേക്കുള്ള ബസുകളിൽ യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഇവിടെ ബസ്ബേ സ്ഥാപിച്ചിട്ട് പതിറ്റാണ്ടുകളായി. പിറവം, തൊടുപുഴ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ മാത്രമാണ് ബസ്ബേയിൽ കയറുന്നത്. മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും കോട്ടയം, തൊടുപുഴ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകളും റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. സ്വകാര്യബസുകൾ യാത്രക്കാരെ കയറ്റി ഉടനെ പോകണമെന്നാണ് നിർദ്ദേശമെങ്കിലും ആരും പാലിക്കാറില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ബസ്ബേയിൽ കയറാതെ എളുപ്പത്തിന് റോഡിൽത്തന്നെ നിർത്തുകയാണ് പതിവ് .അതിനാൽ യാത്രക്കാർ വീതികുറഞ്ഞ മീഡിയനിൽ കയറി ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ഇവരിൽ പലരും ശ്രദ്ധതെറ്റി തെന്നിവീഴുന്നതും പതിവാണ്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ട്രാഫിക്ക് പൊലീസും തയ്യാറാകുന്നില്ല. സ്റ്റോപ്പിന് തൊട്ടടുത്ത് പൊലീസ് എയ്ഡ് പോസ്റ്റും എ.എസ്.എെ ഉൾപ്പെടെയുള്ളവർ ഉണ്ടെങ്കിലും ഇതൊന്നും ഗൗനിക്കുന്നില്ല.

ഗതാഗത ഉപദേശക സമിതി കച്ചേരിത്താഴത്തെ അപകടങ്ങളും ഗതാഗതക്കുരുക്കും ചർച്ച ചെയ്യാറുണ്ടെങ്കിലും ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല.

 ബസ്ബേ സൗകര്യം

പ്രയോജനപ്പെടുത്തണം

അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം ബസ്ബേയിൽ കയറ്റി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും സംവിധാനം ഉണ്ടാക്കണം. കോട്ടയം, തൊടുപുഴ, പിറവം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള എല്ലാ ബസുകളും ബസ്‌ബേയിൽ എത്താൻ കർശന നടപടിവേണം.

എൽദോബാബു വട്ടക്കാവ്

സാമൂഹ്യപ്രവർത്തകൻ