chekannur-moulavi

കൊച്ചി : ചേകന്നൂർ മൗലവിയുടെ തിരോധാനക്കേസിൽ വിചാരണക്കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച ഒന്നാം പ്രതി വി.വി. ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. മൗലവി കൊലപ്പെട്ടെന്ന് വിലയിരുത്തിയുള്ള എറണാകുളം സി.ബി.ഐ കോടതിയുടെ വിധിയാണ് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്.

1993 ജൂലായ് 31നാണ് മൗലവിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകിയത്. വി.വി. ഹംസ ജൂലായ് 29 ന് മൗലവിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമായിരുന്നു പരാതി. 1995 നവംബർ പത്തിന് അന്വേഷണം സി.ബി.ഐക്കു വിട്ടു. മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിയത്. ഹംസയടക്കം ഒമ്പത് പ്രതികൾക്കെതിരെ കുറ്റപത്രം നൽകി.

2010 സെപ്‌തംബർ 29 ന് ഹംസയ്‌ക്ക് തടവുശിക്ഷ വിധിച്ച കോടതി മറ്റു പ്രതികളെ വെറുതേ വിട്ടു. ഹംസയ്‌ക്ക് പുറമേ നാലാം പ്രതി മുഹമ്മദ് ബഷീറിനെ വെറുതേ വിട്ടതിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മൗലവിയുടെ അമ്മാവൻ സലീം ഹാജിയുടെ ഹർജിയും ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ ഹംസയുടെ അപ്പീൽ മാത്രമാണ് അനുവദിച്ചത്.

മൗലവി കൊല്ലപ്പെട്ടതിന് തെളിവില്ല

മൗലവി കൊല്ലപ്പെട്ടെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടെന്ന് ഉറപ്പില്ലെന്നും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ചില കേസുകളിൽ മൃതദേഹം ലഭിച്ചില്ലെങ്കിലും ദൃക്‌സാക്ഷി മൊഴിയും സാഹചര്യത്തെളിവുമുണ്ടെങ്കിൽ മരണം ഉറപ്പിക്കാനാവും. ഈ കേസിൽ അത്തരം സാക്ഷിമൊഴികളില്ല. പ്രതികൾ മൗലവിയെ എന്തു ചെയ്തെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. മറ്റൊരു പ്രത്യയശാസ്ത്രത്തെ അനുകൂലിച്ചതിനാൽ മൗലവി കൊലപ്പെട്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.