mvpa-63
മൂവാറ്റുപുഴയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാര്യോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പ്രദേശങ്ങളിലെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.റഷീദ സലിം , ജോസി ജോളി, എൻ.അരുൺ, പായിപ്ര കൃഷ്ണൻ, ലീല ബാബു, ജോഷിസ്ക്കറിയ എന്നിവർ സമീപം

മൂവാറ്റുപുഴ: ഗവ. ആശുപത്രികളിൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുമ്പോൾ സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ ത്രിതല പഞ്ചായത്തുകൾ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാര്യോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പ്രദേശങ്ങളിലെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഡോക്ടർമാരുടെയും ആശുപത്രി വികസന സമിതി അംഗങ്ങളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമ്പോൾ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ ആശുപത്രി വികസന സമിതി നിർണായക പങ്ക് വഹിക്കണം. ആശുപത്രിയിലെ ചികിത്സാരീതികളെക്കുറിച്ച് കൃത്യമായ അറിവ് പ്രദേശവാസകളിൽ ഉണ്ടാകണം. ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി സ്വാഗതം പറഞ്ഞു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എ.വി.സുരേഷ് (പൈങ്ങോട്ടൂർ), ജോസ് പെരുമ്പിള്ളികുന്നേൽ (മഞ്ഞള്ളൂർ), ജോഷി സ്‌കറിയ (പാലക്കുഴ), ലീല ബാബു (വാളകം), ജോർഡി.എൻ.വർഗീസ് (ആവോലി), ശാന്തി എബ്രഹാം(പോത്താനിക്കാട്) എന്നിവർ പ്രസംഗിച്ചു.