കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ് രണ്ടാം ഘട്ട വികസനത്തിലേക്കു കടക്കുന്നതിനു മുമ്പ് നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അമൃത മിഷൻ ഡയറക്ടറുമായ ആർ.ഗിരിജാ ഐ.എ.എസ് വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ആയി വെള്ളിയാഴ്ച ചുമതലയേറ്റതിനു ശേഷമാണ് നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ മെച്ചപ്പെടുത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്നത്.
ഇപ്പോൾ തിരുവനന്തപുരത്തുള്ള ഇവർ അടുത്തയാഴ്ച കൊച്ചിയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനാണ് തീരുമാനം.
ഹബിലേക്ക് പ്രവേശിക്കുന്ന റോഡ് മെച്ചപ്പെടുത്താനായിരിക്കും പ്രഥമ പരിഗണന. വൈറ്റില മേൽപ്പാലത്തിന്റെ ജോലികൾ നടക്കുന്നത് മൂലം കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയതാണ് പ്രവേശന റോഡ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഈ വഴിയിൽ ഓട്ടോറിക്ഷകളും ഓൺലൈൻ ടാക്സികളും സർവീസ് നടത്താൻ മടിക്കുകയാണ്.
ഹബിലെ ടോയ്‌ലറ്റ് സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തും.കഴിഞ്ഞയാഴ്ച ഇവിടം ടൈലിട്ട് മോടി പിടിപ്പിച്ചിരുന്നു. പ്ളംബിംഗ് പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്.
ടോയ്‌ലറ്റ് ബ്ളോക്കുകൾ കേന്ദ്രീകരിച്ച് മദ്യപാനം കൂടി വരുന്നത് കർശനമായി തടയും.
കാക്കനാട് -വെറ്റില ജലമെട്രോ ജനകീയമാക്കും. ചുരുക്കം ആളുകൾ മാത്രമേ ഇത് പ്രയോജനപ്പെടുത്തുന്നുളളൂ.
കുണ്ടും കുഴികളുമായി കിടക്കുന്ന ഹബിലെ ബസ് ബേകൾ മെച്ചപ്പെടുത്തും.
നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തിയതിനു ശേഷമായിരിക്കും രണ്ടാം ഘട്ട വികസനത്തിലേക്കു കടക്കുക. ഐ. പി.ഇ ഗ്ലോബലിനാണ് രണ്ടാം ഘട്ട വികസനത്തിന്റെ കൺസൾട്ടൻസി. കളക്ടർ എം.ഡി സ്ഥാനത്തു നിന്ന് മാറിയെങ്കിലും സൊസൈറ്റിയുടെ ഭരണ സമിതിയിൽ തുടരും.
-------------------
വൈറ്റില മൊബിലിറ്റി ഹബിലെ നിലവിലെ എല്ലാ സൗകര്യങ്ങളും വിപുലപ്പെടുത്തും. രണ്ടാം ഘട്ട വികസനത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ പരിഗണനക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.
ആർ.ഗിരിജ
മാനേജിംഗ് ഡയറക്ടർ