jagadhish
Jagadheesh

കൊച്ചി: അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ മോഹൻലാലിന്റെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സംഘടനയുടെ ഒൗദ്യോഗിക വക്താവ് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ദിലീപ് വിഷയത്തിൽ തീരുമാനം വൈകിച്ചത്. അധികം വൈകാതെ തന്നെ വിശേഷാൽ ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാമെന്നാണ് പ്രതീക്ഷ. സാംസ്കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്ത് ജനറൽ ബോഡി യോഗത്തിൽ ചട്ടങ്ങൾക്കപ്പുറം ധാർമ്മികതയിൽ ഊന്നിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രത്യാശ.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ ഇതുവരെ സ്വീകരിച്ചത്. കോടതി വിധിക്കും വരെ കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്. വിധിയുണ്ടാകുംവരെ അയാളെ അപരാധിയായി കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിന്റെ പിൻബലവും രണ്ടാമത്തേതിന് ധാർമ്മികതയുടെ അടിത്തറയുമാണ് ഉള്ളത്.

ദിലീപിനെ പുറത്താക്കിയ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത്. കോടതി വിധി വരും മുമ്പ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുൻതൂക്കം. ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തി. രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് പ്രസിഡന്റ് മോഹൻലാൽ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് ഉറപ്പു നൽകിയതുമാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

പ്രശ്നത്തിൽ ഇടപെടാനുള്ള മന്ത്രി എ.കെ. ബാലന്റെ സന്നദ്ധതയെയും ജഗദീഷ് സ്വാഗതം ചെയ്തിട്ടുണ്ട്.