sankar
Sankar reddy

കൊച്ചി : ശങ്കർ റെഡ്ഡിക്ക് കഴിഞ്ഞ സർക്കാർ ഡി.ജി.പിയായി പ്രൊമോഷൻ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി അനുവദിച്ചാണ് സിംഗിൾബെഞ്ച് പരാതിയടക്കം റദ്ദാക്കിയത്.

സർക്കാരിന്റെ നയ തീരുമാനങ്ങളും ഭരണപരമായ കാര്യങ്ങളും അന്വേഷിക്കാൻ വിജിലൻസിന് അധികാരമില്ലെന്നും വിധിയിൽ പറയുന്നു. ധാരാളം പരാതികളിൽ കോടതികൾ പ്രാഥമികാന്വേഷണത്തിന് യാന്ത്രികമായി ഉത്തരവിടുന്നുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്.

സർക്കാർ ഉദ്യോഗസ്ഥർക്കും പൊതു സേവകർക്കുമെതിരെ അനാവശ്യമായി അന്വേഷണം നടത്തുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇങ്ങനെയുണ്ടാകുന്ന ചീത്തപ്പേര് വേഗം മാറ്റാനുമാവില്ല. പ്രൊമോഷൻ നൽകാനുള്ള അധികാരം സർക്കാരിനുണ്ട്. ഇതു നിയമാനുസൃതമാണോയെന്ന് പരിശോധിക്കാൻ ട്രൈബ്യൂണലുകളുമുണ്ട്. ഇക്കാര്യം സ്പെഷ്യൽ കോടതികൾ പരിശോധിക്കേണ്ട. പ്രൊമോഷൻ നടപടികളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് അനുവദിക്കാനുമാവില്ല. ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

നിയമ നടപടികളുടെ ദുരുപയോഗമാണ് ഇൗ കേസ്. പ്രശസ്തിക്കും വ്യക്തിഗത നേട്ടത്തിനും വേണ്ടി നൽകുന്ന പരാതികളെ കോടതികളും വിജിലൻസും തിരിച്ചറിയണം. ശങ്കർ റെഡ്ഡിക്ക് പ്രൊമോഷൻ നൽകിയതിൽ അഴിമതി നിരോധന നിയമപ്രകാരം നടപടി സാദ്ധ്യമല്ലെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രൊമോഷൻ നൽകിയതിൽ സർക്കാരിന് പുനഃപരിശോധന നടത്താമെന്നും ഭാവിയിൽ ചട്ടം പാലിക്കണമെന്നും വിജിലൻസ് ഇൻസ്പെക്ടറുടെ ശുപാർശയിൽ പറയുന്നു.

സർക്കാർ നടപടിയെ വിമർശിച്ച് ഇൻസ്പെക്ടർക്ക് ശുപാർശ നൽകാനാവില്ല. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കേണ്ടത്. പൊലീസിന്റെ ഒരു വിഭാഗം മാത്രമാണ് വിജിലൻസ്. സി.ബി.ഐക്കോ എൻ.ഐ.എയ്ക്കോ സമാനമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.