കൊച്ചി: തങ്ങളുടെ പോരാട്ടം നല്ലതിന് വേണ്ടിയാണെങ്കിലും പലരെയും വിഷമിപ്പിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടെന്ന് നടി രേവതി കേരളകൗമുദിയോട് പറഞ്ഞു. അഭിപ്രായം തുറന്നു പറഞ്ഞതിനുള്ള നടപടിയെന്തെന്ന് ആദ്യം അറിയട്ടെ. അമ്മ വക്താവ് സിദ്ദിഖ് പറഞ്ഞതിലെ നല്ല ഉദ്ദേശ്യം മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കൂടുതൽ പറയാനില്ല.
അമ്മ പരിപാടികളിൽ തന്നെ ക്ഷണിക്കാതിരുന്നതിന് കാരണം അഡ്രസും ഫോൺ നമ്പരും നൽകാതിരുന്നതാണെന്ന ഇടവേള ബാബുവിന്റെ വാക്കുകൾ അവർ ശരിവച്ചു. നടിയെന്ന് വിളിച്ചത് അധിക്ഷേപമായിട്ടല്ല അങ്ങനെ പറഞ്ഞത്. ഇത്ര വർഷം ഒന്നിച്ചു ജോലിയെടുത്ത, സുഹൃത്തുക്കളായിരുന്നവരെ തള്ളിപ്പറയുന്നത് പോലെയാണ് മോഹൻലാൽ സംസാരിച്ചത്. ചർച്ച നടത്തി തീരുമാനം ഒന്നിച്ച് മാദ്ധ്യമങ്ങളെ അറിയിക്കാമെന്ന് പറഞ്ഞിട്ട് അതിൽ നിന്ന് പിന്മാറിയതാണ് വിഷമിപ്പിച്ചത്. രാജിവച്ചവരെ തിരിച്ചുവിളിക്കാമെന്നും ബൈലാ മാറ്റാമെന്നും അവർ സമ്മതിച്ചിരുന്നു.
ആഗസ്റ്റ് 7ലെ യോഗത്തിൽ അമ്മ അംഗങ്ങളായാണ് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടതും ചെന്നതും. അവിടെ മാദ്ധ്യമങ്ങളെ കാണുമെന്ന കാര്യം അറിയിച്ചിരുന്നില്ല. പെട്ടെന്ന് വാർത്താസമ്മേളനം പറഞ്ഞപ്പോൾ ഞെട്ടി. മൂന്നുപേരും ആലോചിച്ചാണ് അമ്മ അംഗങ്ങളെന്ന് പറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചത്.