കൊച്ചി: ശല്യക്കാരായ വ്യവഹാരികളെ തടയാൻ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി സർക്കാർ വേഗം നിയമ നിർമ്മാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഇക്കാര്യം.
പായിച്ചിറ നവാസാണ് കേസിലെ പരാതിക്കാരൻ. പൊതു സേവകർക്കെതിരെ പല കോടതികളിലായി ഇയാൾ 45 കേസുകൾ നൽകിയിട്ടുണ്ടെന്നും പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെട്ട മൂന്നു നാലു കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. അനാവശ്യ വ്യവഹാരങ്ങൾക്കെതിരെ നടപടി വേണമെന്ന് നേരത്തേ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതുവരെ സർക്കാർ ഇതേക്കുറിച്ച് ചിന്തിച്ചില്ല.
1994 ൽ ഒരു ബില്ല് കൊണ്ടുവന്നിരുന്നെങ്കിലും അതു കാലഹരണപ്പെട്ടു. അനാവശ്യ വ്യവഹാരങ്ങൾ നിയന്ത്രിക്കണമെന്ന നിർദ്ദേശം നിയമ പരിഷ്കരണ കമ്മിഷനു മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.
വിജിലൻസിന് മാനദണ്ഡം ഉണ്ടാക്കുന്നതിന് കരട് തയ്യാറാക്കി നൽകാൻ നിർദ്ദേശിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ശങ്കർ റെഡ്ഡിക്ക് ഡി.ജി.പിയായി പ്രൊമോഷൻ നൽകുന്ന മന്ത്രിസഭ തീരുമാനത്തിനെതിരെയാണ് വിജിലൻസ് അന്വേഷണം. ഇത്തരമൊരു അധികാരം വിജിലൻസിനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.