കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞെന്നും വിലയിരുത്തിയാണ് ജാമ്യം. ജാമ്യം ലഭിച്ചാൽ ബിഷപ്പ് ഒളിവിൽ പോകുമെന്ന് പ്രോസിക്യൂഷന് ആശങ്കയില്ലെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.
സഭയിലെ ഉന്നത പദവി വഹിക്കുന്ന വ്യക്തിയാണ് ഹർജിക്കാരനെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രീ മദർ സുപ്പീരിയറായിരുന്നെന്നും ഇവർക്കെതിരായ പരാതികളിൽ അച്ചടക്ക നടപടിയെടുത്തതിലുള്ള പകയാണ് വ്യാജ പീഡനപരാതിക്ക് അടിസ്ഥാനമെന്നും അഭിഭാഷകൻ വാദിച്ചു.
ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. സ്വാധീനശക്തിയുള്ള വ്യക്തിയാണ് പ്രതിയെന്നും ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ജാമ്യ വ്യവസ്ഥകൾ
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ
കുറ്റപത്രം നൽകുംവരെ രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം
ഇതിനല്ലാതെ കുറ്റപത്രം നൽകും വരെ കേരളത്തിൽ പ്രവേശിക്കരുത്
അസാധാരണ സാഹചര്യമുണ്ടായാൽ കേരളത്തിൽ പ്രവേശിക്കാൻ മുൻകൂർ അനുമതി തേടാം
തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്
ഇരയെയോ ഇരയുടെ ബന്ധുക്കളെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്
മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയ്ക്ക് വെളിയിൽ പോകരുത്
ഒരാഴ്ചയ്ക്കകം പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം