മൂവാറ്റുപുഴ: സംസ്‌കൃത ഭാഷയുടെ പഠന പ്രചാരണത്തിന് നൂതന ആവിഷ്‌കാരങ്ങളും അനിവാര്യമാണെന്ന് സംസ്‌കൃതഭാരതിയുടെ അഖിലഭാരതീയ സമ്പർക്ക പ്രമുഖ് ഡോ. പി. നന്ദകുമാർ അഭിപ്രായപ്പെട്ടു. സംസ്‌കൃതഭാരതി കേരളം, സംസ്‌കാർ സിസ്റ്റത്തിന്റെ ലാംഗ്വേജ് ലേണിംഗ് പ്ലാറ്റ്‌ഫോമായ ഭാഷാ ലാബ്‌സിന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച സംസ്‌കൃത ഭാഷാ പഠന മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ ഗൗരിശങ്കരത്തിൽ ഭാരതീപൂജയോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി അക്ഷയാത്മാനന്ദ അദ്ധ്യക്ഷത വഹിച്ചു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ അദ്ധ്യക്ഷൻ ഡോ.എടനാട് രാജൻ നമ്പ്യാർ ഭാരതീപൂജാ സന്ദേശം നൽകി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സമ്പർക്കപ്രമുഖും തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയ ഡയറക്ടറുമായ നാരായണ ശർമ്മ, ശാശ്വത് മോഹൻ, ക്ഷേത്രം മേൽശാന്തി ശ്രീകുമാരൻ ഇളയത്, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ മനോജ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. എടനാട് രാജൻ നമ്പ്യാരുടെ ചാക്യാർകൂത്തും അരങ്ങേറി .