municipality
ആലുവ മാർക്കറ്റിലെ അനധികൃത നിർമ്മാണം പൊളിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കൗൺസിലർമാർ നഗരസഭ കവാടത്തിൽ ധർണ നടത്തുന്നു

ആലുവ: മാർക്കറ്റിലെ അനധികൃത നിർമ്മാണം വിവാദമായിട്ടും ഇടതുപക്ഷം നിശബ്ദത പാലിക്കുന്നത് സി.ഐ.ടി.യുവും കൈയേറ്റക്കാരിൽ ഉൾപ്പെട്ടതിനാലാണെന്ന് ആരോപണം. മാർക്കറ്റിലെ ചുമട്ടു തൊഴിലാളികളായ സി.ഐ.ടി.യു അംഗങ്ങളാണ് മൂന്നുമാസം മുമ്പ് ആദ്യം അനധികൃതമായി ഓഫീസ് നിർമ്മിച്ചത്.

നേരത്തെ നഗരസഭ നിർമ്മിച്ച 13 താത്കാലിക ഷെൽട്ടറുകൾക്ക് സമീപമായിരുന്നു കൈയേറ്റം. തൊഴിലാളികൾക്ക് വിശ്രമിക്കാനെന്ന പേരിലായതിനാൽ ആരും കാര്യമാക്കിയില്ല. ആഴ്ചകൾ പിന്നിട്ടതോടെ ഓഫീസ് മുറി സമീപത്തെ പച്ചക്കറിക്കാരന് വൻതുക വാടക ഈടാക്കി മറിച്ച് നൽകിയതോടെയാണ് ഇതുവരെ ഷെൽട്ടർ ലഭിക്കാതിരുന്ന ഒൻപത് കച്ചവടക്കാർ കഴിഞ്ഞദിവസം അനധികൃത നിർമ്മാണം ആരംഭിച്ചത്. ചില ഭരണപക്ഷ കൗൺസിലർമാർ ഇതിന് മൗനാനുവാദവും നൽകി. വിവാദമായതിനെ തുടർന്ന് നഗരസഭ ഇടപ്പെട്ട് നിർമ്മാണം നിർത്തിവെയ്പ്പിക്കുകയും പൊളിച്ചുനീക്കാൻ നോട്ടീസും നൽകി. സി.ഐ.ടി.യു ഓഫീസും പൊളിക്കണമെന്നായപ്പോൾ സി.പി.എം വിഷയത്തിൽ ഇടപ്പെട്ട് താത്കാലിക ധാരണയുണ്ടാക്കുകയായിരുന്നു. നഗരസഭ ആവശ്യപ്പെടുന്ന മുറക്ക് ഷെഡ് പൊളിക്കാമെന്ന് അനധികൃത നിർമ്മാണം നടത്തിയവരെല്ലാം നഗരസഭയെ രേഖാമൂലം അറിയിച്ചു.

 അന്തിമതീരുമാനം ഇന്നുണ്ടായേക്കും

ഇതിനിടെ മൂന്നാംമുന്നണി സമരവുമായി രംഗത്തെത്തിയതോടെ ഭരണ -പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു. നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയത്തിൽ മുറി ലഭിക്കുന്നതിന് അഡ്വാൻസ് നൽകിയവരാണ് ഷെഡ് നിർമ്മിക്കാൻ ശ്രമിച്ചതെന്നും നഗരസഭ ആവശ്യപ്പെടുന്ന മുറക്ക് കെട്ടിടം പൊളിക്കാമെന്നും ഉറപ്പ് നൽകിയ സാഹചര്യത്തിൽ അനുകൂല നിലപാടാണ് നഗരസഭയ്ക്കുള്ളത്. ഇന്ന് രാവിലെ 11ന് ചെയർപേഴ്സൻ ലിസി എബ്രഹാമിന്റെയും പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയുടെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നറിയുന്നു.

 പൊളിക്കാനുള്ള തീരുമാനം അട്ടിമറിച്ചു

മാർക്കറ്റിലെ അനധികൃത നിർമ്മാണം പൊളിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർ നഗരസഭ ഓഫീസിന് മുമ്പിൽ ധർണ നടത്തി. അനധികൃത നിർമ്മാണം പൊളിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയെങ്കിലും നഗരസഭ അധികൃതർ തന്നെ അട്ടിമറിച്ചതായാണ് ആരോപണം. നഗരസഭയിലെ ഭരണ, പ്രതിപക്ഷ കക്ഷികളിൽപ്പെട്ടവർ തമ്മിലുള്ള ഒത്താശയാണ് അനധികൃത നിർമ്മാണം പൊളിക്കാത്തതിന് പിന്നിലെന്നും സമരക്കാർ പറയുന്നു. നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയം നിർമ്മാണത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരോട് വിവേചനം കാണിക്കാതിരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. നിർദ്ദിഷ്ട ബഹുനില കെട്ടിടസമുച്ചയം ഒഴിവാക്കി പരിസ്ഥിതി സൗഹൃദ മാർക്കറ്റ് നിർമ്മിക്കണമെന്നാണ് ആവശ്യം. നിർമ്മാണം നീളുന്നതിനാൽ പ്രതിമാസം 20 ലക്ഷം രൂപയാണ് വാടകയിനത്തിൽ നഗരസഭയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതെന്നും ധർണയിൽ പങ്കെടുത്ത കോൺഗ്രസ് വിമത കൗൺസിലർമാരായ സെബി വി ബാസ്റ്റ്യൻ, കെ. ജയകുമാർ, ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ, കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി. സരള തുടങ്ങിയവർ ആരോപിച്ചു.