കൂത്താട്ടുകുളം: താളും തകരയും ചേനത്തണ്ടും തുടങ്ങി വിവിധ ഇലകളും കിഴങ്ങുകളും ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കിയ വിവിധ ഭക്ഷ്യവിഭവങ്ങളുടെ വ്യത്യസ്തത കൊണ്ട് കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന നാടൻ ഭക്ഷ്യമേള ശ്രദ്ധേയമായി. ലോക ഭക്ഷ്യ ദിനത്തിന്റെയും ദാരിദ്ര്യനിർമ്മാർജന ദിനത്തിന്റെയും ഭാഗമായാണ് നാട്ടുപച്ച എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. ഇലകളും കിഴങ്ങുകളും ഉപയോഗിച്ചുള്ള ഇരുന്നൂറോളം വ്യത്യസ്ത വിഭവങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. കപ്പകേക്ക്, ലഡു, ജിലേബി, കാച്ചിൽ ചിപ്സ്, ചെറുകിഴങ്ങ് വട, ബജികൾ, കേക്കുകൾ, ഇലജ്യൂസ്, വിവിധയിനം പായസങ്ങൾ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളുടെ നീണ്ടനിര രുചിച്ചുനോക്കാൻ സൗകര്യമൊരുക്കിയിരുന്നു.
മധുരക്കിഴങ്ങ്, വിവിധതരം കാച്ചിൽ, ചേന, ചേമ്പ്, ഊരാളി ചേമ്പ്, ഉരുളക്കിഴങ്ങ്, കൂർക്ക തുടങ്ങിയ വിവിധ കിഴങ്ങ് വർഗങ്ങളും ചേമ്പില, മുരിങ്ങയില, മല്ലിയില, മത്തയില ചീരയില തുടങ്ങി വിവിധ ഇലകളുമാണ് കറികളും ജാമും ജ്യൂസ പലഹാരങ്ങളുമായി രൂപപ്പെട്ടത്. തങ്ങൾ കൊണ്ടുവന്ന ഭക്ഷ്യോത്പന്നങ്ങളുടെ പാചകവിധി കൂടി പറഞ്ഞവർക്കാണ് സമ്മാനങ്ങൾ നേടാൻ കഴിഞ്ഞത്. യു പി വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ അഖിലേഷ് അജയൻ, രാഹുൽ റെജി എന്നിവരും എൽ പി വിഭാഗത്തിൽ കൽഹാര ബിജോയ്, ദേവി കൃഷ്ണ എന്നിവരും ജേതാക്കളായി. ഗ്രൂപ്പ് മത്സരത്തിൽ യുപി വിഭാഗത്തിൽ അബിത് എസ് ,അഭിനവ് ഷിനോജ് ,നിഷാൽ മാത്യു ടീം ഒന്നാമതെത്തി. ഐശ്വര്യ ഹരി, എയ്ഞ്ചൽ തോമസ്, ബിനീറ്റ അബ്രാഹം ,ആദിത്യ ബിനോയ് ടീം രണ്ടാമതെത്തി. എൽ പി വിഭാഗത്തിൽ ബന്യാമിൻ റോയി ആന്റൽ കുര്യാക്കോസ് ടീം ഒന്നാമതെത്തി. ആഷ്ന.വി.ജോർജ്, അനാമിക വി.എ,എറീക്ക സനൂപ് ടീം രണ്ടാം സ്ഥാനം നേടി. മത്സരങ്ങൾ ഹെഡ്മിസ്ട്രസ് ആർ.വത്സലാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി.മനോജ് നാരായണൻ, ലിനു മാത്യു, റോയി ഫിലിപ്പ്, ടി.വി. മായാ,കൺവീനർ എൻ. എം ഷീജ, പി.കെ ശാലിനി ഭായ്, ജെസി ജോൺ, എലിസബത്ത്, ഷീബ.ബി.പിള്ള ,മാരിഷ പോൾ ,മല്ലിക,ടി.കെ മേരിക്കുട്ടി, തുടങ്ങിയവർ സംസാരിച്ചു.