പറവൂർ : വിദ്യാരൂപിണിയായ സരസ്വതി ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നൂറുകണക്കിനു വിദ്യാർത്ഥികൾ പുസ്തകങ്ങൾ പൂജവയ്ച്ചു. പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയാണ് പൂജവയ്ച്ചത്. വൈകിട്ട് ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കൊല്ലാനത്ത് മഠം കെ.യു. രാമചന്ദ്രൻ പോറ്റിയുടേയും മുഖ്യകാർമ്മികത്വത്തിൽ ദുർഗ്ഗാപൂജയ്ക്കു ശേഷം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് പൂജവയ്പ്. മൂന്നു രണ്ട് ദിവസം വിശേഷാൽപൂജകൾ നടക്കും. വിജയദശമി ദിവസം പുലർച്ചെ പൂജയെടുക്കും തുടർന്നാണ് വിദ്യാരംഭം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി മണ്ഡപത്തിൽ നൃത്ത - സംഗീതോത്സവവും നടക്കുന്നുണ്ട്.