കൊച്ചി : സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ പരാതികൾ പരിഗണിക്കാൻ താരസംഘടനയായ അമ്മയിൽ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ളിയു. സി.സി) ഹൈക്കോടതിയിൽ ഹർജി നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
കമ്മിറ്റി രൂപീകരിക്കാൻ അമ്മയ്ക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും സംഘടനയ്ക്കു നിർദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഡബ്ളിയു.സി.സി പ്രസിഡന്റ് കൂടിയായ നടി റിമ കല്ലിങ്കൽ നൽകിയ ഹർജിയിൽ പറയുന്നു.
എല്ലാ തൊഴിൽ മേഖലകളിലും സമിതിക്ക് രൂപം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചൂഷണവും പീഡനവും തടയാൻ 2013ൽ പാർലമെന്റ് പ്രത്യേക നിയമം തന്നെ കൊണ്ടുവന്നു. പ്രൊഡ്യൂസേഴ്സ് ഗിൽഡ്, സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രത്യേക സമിതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. എന്നാൽ താര സംഘടനയായ അമ്മ സ്വേച്‌ഛാപരമായ നിലപാടാണ് തുടരുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ പരാതി നൽകിയാൽ സിനിമ കഴിയുന്നതോടെ പരാതിയും ഇല്ലാതാകുന്ന സ്ഥിതിയാണ്. അനുയോജ്യരായ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.