municipality
ഒരു വിഭാഗം കൗൺസിലർമാർ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാമിനെ ഉപരോധിക്കുന്നു

ആലുവ: മാർക്കറ്റിൽ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും അനധികൃതമായി നിർമ്മിച്ച മുറികൾക്ക് അംഗീകാരം നൽകാൻ നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണ. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് തീരുമാനം. നിയമവിരുദ്ധ നടപടിയാണെന്നാരോപിച്ച് ബി.ജെ.പി അംഗം യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരുമാണ് യോഗത്തിലുണ്ടായത്. അനധികൃത നിർമ്മാണത്തിനെതിരെ പരാതി നൽകിയ നാല് കൗൺസിലർമാരിൽ ബി.ജെ.പി അംഗത്തെ മാത്രമാണ് ക്ഷണിച്ചത്. നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയം നിർമ്മാണത്തിന്റെ പേരിൽ കുടിയൊഴുപ്പിക്കപ്പെട്ട ഒൻപത് കച്ചവടക്കാരാണ് കഴിഞ്ഞ ശനിയാഴ്ച്ച അനധികൃത നിർമ്മാണം നടത്തിയത്.

ഇതിനെതിരെ ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ, കോൺഗ്രസ് റിബലുകളായ സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട കെ.വി. സരള എന്നിവർ സെക്രട്ടറിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊളിക്കാൻ നിർദ്ദേശിച്ചത്. കൈയ്യേറ്റക്കാരിൽ ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഓഫീസും ഉൾപ്പെടുമെന്നായപ്പോൾ എൽ.ഡി.എഫ് കൈയേറ്റക്കാർക്കൊപ്പമായി. നടപടി ഭരണപക്ഷത്തിന് അപ്രിയരായ കൗൺസിലർമാരുടെ പരാതിന്മേലായതിനാൽ അവരും സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചു. തുടർന്നാണ് ഉത്തരവ് അട്ടിമറിക്കാനായി സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചത്.

പുതിയ കെട്ടിടത്തിൽ മുറിക്കായി അഡ്വാൻസ് നൽകിയ 15 ഓളം കച്ചവടക്കാർക്ക് ഇനിയും മുറി ലഭിക്കാനുണ്ട്. അവരും ആവശ്യപ്പെട്ടാൽ മുറി നിർമ്മിക്കുന്നതിന് അനുമതി നൽകാനാണ് ധാരണ. അനധികൃത നിർമ്മാണം ഒഴിപ്പിച്ച ശേഷം അഡ്വാൻസ് നൽകിയവർക്കെല്ലാം നഗരസഭ സ്ഥലം നിശ്ചയിച്ച് നൽകി താത്കാലിക ഷെഡ് നിർമ്മിക്കാൻ അനുമതി നൽകണമെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, വൈസ് ചെയർപേഴ്സൺ സി. ഓമന, സെക്രട്ടറി അരുൺ രംഗൻ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജെറോം മൈക്കിൾ, ടിമ്മി ബേബി, കെ. ചന്ദ്രൻ, ലോലിത ശിവദാസൻ, ഓമന ഹരി, മനോജ് ജി. കൃഷ്ണൻ (സി.പി.ഐ), എ.സി. സന്തോഷ് കുമാർ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.

 കൗൺസിലർമാർ ചെയർപേഴ്സനെ ഉപരോധിച്ചു

അനധികൃത നിർമ്മാണം പൊളിക്കാനുള്ള സെക്രട്ടറിയുടെ ഉത്തരവ് അട്ടിമറിച്ചെന്നാരോപിച്ച് നാല് കൗൺസിലർമാർ ചെയർപേഴ്സൺ ലിസി എബ്രഹാമിനെ ഉപരോധിച്ചു. ചുമട്ടു തൊഴിലാളികൾക്ക് വിശ്രമിക്കാനെന്ന പേരിൽ സി.ഐ.ടി.യു നിർമ്മിച്ച മുറി പച്ചക്കറി വ്യാപാരിക്ക് ഗോഡൗൺ ആയി വാടകക്ക് നൽകിയിരിക്കുകയാണ്. കൈയ്യേറ്റക്കാർക്ക് വേണ്ടി ഭരണ - പ്രതിപക്ഷ ഒത്താശയാണ് നടക്കുന്നതെന്നും ഉപരോധം നടത്തിയ കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള എന്നിവർ ആരോപിച്ചു.