കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്‌ള്യു.സി.സി) നൽകിയ ഹർജിയിൽ അമ്മയ്ക്കും സർക്കാരിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം. അമ്മയ്ക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകും. സിനിമാ മേഖലയിലെ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതിനാൽ ഇത്തരമൊരു സമിതി അനിവാര്യമാണെന്നും അമ്മയുടെ നേതൃത്വം അതിന് തയ്യാറാകാത്തത് സ്വേച്‌ഛാപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡബ്‌ള്യു.സി.സിയും പ്രസിഡന്റായ റിമ കല്ലിങ്കലും പൊതുതാല്പര്യ ഹർജി നൽകിയത്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ നടപടി വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് 2013 ൽ നിയമവും പാസാക്കി. എങ്കിലും സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടാകുന്ന പീഡന പരാതികൾ സിനിമ പൂർത്തിയാകുന്നതോടെ ഇല്ലാതാകുന്ന സ്ഥിതിയാണിപ്പോൾ.
സ്വതന്ത്രരും അനുയോജ്യരുമായ അംഗങ്ങളെ ഉൾപ്പെടുത്തി സമിതിക്ക് രൂപം നൽകണമെന്ന് സർക്കാർ നിർദേശിക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, അമ്മ എന്നിവരും കേസിൽ എതിർ കക്ഷികളാണ്.