പറവൂർ : വിദ്യാരൂപിണിയായ സരസ്വതി ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിജയദശമി ദിനം പുലർച്ചെ മൂന്നു മണിയോടെ ദേവിയുടെ പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. നട തുറന്ന ശേഷം അഷ്ടാഭിഷേകവും സരസ്വതി പൂജയും ഉണ്ടാകും. ശീവേലി, പന്തീരടി പൂജയ്ക്കു ശേഷം പൂജയെടുക്കും. ശ്രീകോവിലിൽ നിന്ന് സരസ്വതി ചൈതന്യം വിദ്യാരംഭ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം വിദ്യാരംഭം ആരംഭിക്കും. ക്ഷേത്രം മേൽശാന്തി കൊല്ലാനത്ത് മഠം കെ.യു.രാമചന്ദ്രൻ പോറ്റിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.
ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ കോണിലെ വിദ്യാരംഭ മണ്ഡപത്തിലും, നാലമ്പലത്തിന് അകത്തും കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാരംഭ മണ്ഡപത്തിൽ 20ലധികം പ്രമുഖ ഗുരുക്കന്മാരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നത്.
ദർശനത്തിന് പ്രത്യേക ക്യൂ
ദർശനത്തിനും വിദ്യാരംഭത്തിനും പ്രത്യേക ക്യൂവുണ്ട്. രണ്ടു ക്യൂവും കിഴക്കേ നടയിലൂടെ പ്രവേശിക്കും.
വിദ്യാരംഭത്തിനു ശേഷം കുട്ടികൾക്ക് ദേവി ദർശനം നടത്താനായി പ്രത്യേകം നാലമ്പലത്തിനുള്ളിലേക്ക് കയറ്റും. ദർശനം കഴിഞ്ഞ ഭക്തർ പടിഞ്ഞാറെ നടയിലൂടെ പുറത്തേക്ക് ഇറങ്ങണം. രണ്ട് ക്യൂവിൽ നിൽക്കുന്നവർക്കും വഴിപാട് രശീതുകൾ ലഭിക്കും.
പത്ത് ദിവസമായി നടന്നു വന്ന കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ കഴിഞ്ഞ് നടയടക്കും. കളഭാഭിഷേകത്തിനു മുമ്പ് വരെ വിദ്യാരംഭ ചടങ്ങുകളുണ്ടാകും.
ഇന്നും നാളെയും രാവിലെയും വൈകിട്ടും സരസ്വതി മണ്ഡപത്തിൽ സംഗീതോത്സവവും വിവിധ കലാപരിപാടികളും നടക്കും. വിജയദശമിദിനം സരസ്വതി മണ്ഡപത്തിൽ രാവിലെഎഴിന് സംഗീതോത്സവം, പതിനൊന്നിന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് അഞ്ചിന് സംഗീതോത്സവും രാത്രി എട്ടിന് തൃശൂർ ആൾ ഇന്ത്യ റോഡിയോയിലെ ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോ, രാത്രി എട്ടിന് പ്രത്യേക സരസ്വതി പൂജ കഴിഞ്ഞ് ദേവിയുടെ പ്രധാന വഴിപാടായ കഷായ നിവേദ്യം വിതരണത്തിനു ശേഷം പത്തു നാൾ നീണ്ട നവരാത്രി മഹോത്സവം സമാപിക്കും.
----------------------------------------------------
വിദ്യാരൂപിണിയായ സരസ്വതി ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നൂറുകണക്കിനു വിദ്യാർത്ഥികൾ പുസ്തകങ്ങൾ പൂജവെച്ചിട്ടുണ്ട്.