കൊച്ചി: കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റിന്റെയും ബാർ കൗൺസിലിന്റെ സ്പെഷ്യൽ കമ്മിറ്റിയുടെയും ചെയർമാൻ സ്ഥാനത്തു നിന്ന് അഡ്വക്കേറ്റ് ജനറലിനെ മാറ്റിയ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഒക്ടോബർ 16 നാണ് പദവികളിൽ നിന്ന് അഡ്വക്കേറ്റ് ജനറലിനെ മാറ്റി നിറുത്തുകയാണെന്നും പകരം അറ്റോർണി ജനറലിന്റെ നോമിനി പദവി വഹിക്കുമെന്നും വ്യക്തമാക്കി ബാർ കൗൺസിൽ ഒഫ് ഇന്ത്യ ഉത്തരവിറക്കിയത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ കൗൺസിലിന് അധികാരമില്ലെന്നും കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ആക്ട് പ്രകാരമാണ് ട്രസ്റ്റിന് രൂപം നൽകിയിട്ടുള്ളതെന്നും എ.ജിയുടെ ഹർജിയിൽ പറയുന്നു. നടപടി സ്വേച്‌ഛാപരവും നിയമവിരുദ്ധവുമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഭിഭാഷകരുടെ ക്ഷേമനിധിയിലെ തുകയിൽ 2007- 2008 മുതൽ 2012 - 2013 വരെയുള്ള കാലയളവിൽ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ആഡിറ്റിംഗ് തുടരുകയുമാണ്.
ട്രസ്റ്റി കമ്മിറ്റി യോഗം ചേർന്ന് കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണത്തിനു വേണ്ട നടപടികളും സ്വീകരിച്ചു. ദീർഘകാലമായി ആഡിറ്റിംഗ് നടക്കുന്നില്ലെന്ന് കണ്ടെത്തി ഇതിനുള്ള നടപടികൾ സ്വീകരിച്ചതും അഡ്വക്കേറ്റ് ജനറലാണ്. ഇതിനിടെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യ നാലംഗ സമിതിയെ നിയോഗിച്ചു. ഇതിനു തുടർച്ചയായി പദവികളിൽ നിന്ന് അഡ്വക്കേറ്റ് ജനറലിനെ മാറ്റി നിറുത്തിയത് നിയമപരമല്ലെന്നാണ് ഹർജിയിലെ വാദം.