കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്‌മ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും ചർച്ച ചെയ്യാൻ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുടെ യോഗം നാളെ (വെള്ളി) കൊച്ചിയിൽ ചേരും. ക്വാറം തികഞ്ഞാൽ നിർവാഹക സമിതി യോഗമായി മാറിയേക്കും.
നടിമാർ ഉന്നയിച്ച വിഷയങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെ ആലോചിക്കാൻ പൊതുയോഗം വിളിക്കണമെന്ന ആവശ്യമാണ് നടിമാർ ഉന്നയിച്ചത്.
നിർവാഹക സമിതി അംഗങ്ങളായ ഏഴു പേർ സിനിമകൾക്കു വേണ്ടി സംസ്ഥാനത്തിന് പുറത്താണ്. ഇതു മൂലം ഒൗദ്യോഗികമായ യോഗം ചേരാൻ പരിമിതിയുണ്ടെന്നാണ് സൂചന. പ്രസിഡന്റ് മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ ഒത്തുചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യം. ധാരണയുണ്ടായാൽ പ്രത്യേക പൊതുയോഗം വിളിക്കുന്നതിനും സാദ്ധ്യതയുണ്ട്.
സംഘടനയ്ക്കുള്ളിൽ രൂപം കൊണ്ട ഭിന്നത അവസാനിപ്പിക്കാനും ശ്രമങ്ങളുണ്ടാകും. അമ്മയുടെ ഭാരവാഹികളായ സിദ്ദിഖും ജഗദീഷും നേരിട്ട് ഏറ്റുമുട്ടിയതും വിലയിരുത്തും. വിരുദ്ധാഭിപ്രായം ശക്തമാണെങ്കിലും പരസ്യമായി പ്രകടിപ്പിക്കാൻ താരങ്ങൾ തയ്യാറല്ല.
നടൻ അലൻസിയറിനെതിരായ മീടൂ ആരോപണവും യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചന. ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്ന നടിമാരുടെ ആവശ്യത്തിന്മേൽ അമ്മയുടെ അഭിപ്രായം കോടതി തേടിയ സാഹചര്യവും ചർച്ചയാകും.