മൂവാററുപുഴ: എൻ.ഡി.എയും ശബരിമല കർമ്മസമിതിയും കഴിഞ്ഞദിവസം ആഹ്വാനം ചെയ്ത ഹർത്താൽ മൂവാറ്റുപുഴയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പി.ഒ. ജംഗ്ഷനിൽ ഒരു കടതുറന്നത് ചെറിയ ഒച്ചപ്പാടിന് ഇടയാക്കിയതൊഴിച്ചാൽ അനിഷ്ടസംഭവങ്ങൾ ഒന്നുമില്ല. ഹർത്താലിനോട് അനുബന്ധിച്ച് പ്രകടനം നടന്നു. വെള്ളൂർക്കുന്നത്തുനിന്നും ആരംഭിച്ച പ്രകടനം കച്ചേരിത്താഴം, പി.ഒ. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ചുറ്റി മൂവാറ്റുപുഴ പഴയപാലത്തിൽ സമാപിച്ചു. തുടർന്ന് പഴയ പാലവും പുതിയ പാലവും ഉരോധിച്ചു. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ കെ.എസ്. ജയകൃഷ്ണൻനായർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ വെെസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ടി. ചന്ദ്രൻ, സെബാസ്റ്റ്യൻ മാത്യു, ഷെെൻ കെ. കൃഷ്ണൻ, ജിതിൻ രവി, എസ്. സന്തോഷ്, എസ്. സുധീഷ് എന്നിവർ പ്രകടനത്തിനും ഉരോധത്തിനും നേതൃത്വം നൽകി.