amma
എറണാകുളത്ത് നടന്ന എ.എം.എം.എ. എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന മോഹൻ ലാൽ. സിദ്ധിഖ്, ജഗദീഷ്, ഇടവേള ബാബു, ബാബു രാജ് എന്നിവർ സമീപം

കൊച്ചി: ഏറെ നാളായി പുകഞ്ഞ വിവാദങ്ങൾക്കും വിമെൻ ഇൻ സിനിമാ കളക്ടീവിന്റെ പ്രതിഷേധത്തിനുമൊടുവിൽ നടൻ ദിലീപ് അമ്മ സംഘടനയിൽ നിന്ന് രാജിവച്ചെന്ന് പ്രസിഡന്റ് മോഹൻലാൽ. താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ദിലീപ് രാജി സമർപ്പിച്ചതെന്നും അത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചെന്നും മോഹൻലാൽ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ അമ്മയിലെ പ്രധാനപ്രശ്നത്തിന് പരിഹാരമായെന്നും ഉടൻ ജനറൽ ബോഡി വിളിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപ് സംഘടനയിൽ തുടരുന്നതിനെതിരെ വിമെൻ ഇൻ സിനിമാ കളക്ടീവും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാർവതി, പദ്മപ്രിയ എന്നിവരും വാർത്താസമ്മേളനം നടത്തിയതിനെ തുടർന്നാണ് ഇന്നലെ രാവിലെ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്നത്.രാജിവച്ചവർക്ക് തിരികെ വരണമെങ്കിൽ അപേക്ഷിക്കണം. അത് ജനറൽ ബോഡിയിൽ വച്ചിട്ടേ തീരുമാനമെടുക്കൂ. നടിമാർ മാപ്പ് പറയേണ്ടതില്ല. സ്ത്രീവിരുദ്ധമായ ആ നിലപാടെടുത്തത് കെ.പി.എ.സി ലളിതയാണ്. എല്ലാ പ്രശ്നങ്ങൾക്കും താനാണ് കാരണക്കാരൻ എന്ന് പറയുന്നതിൽ അതൃപ്തിയുണ്ട്. തന്നെ വേണമെന്നുണ്ടെങ്കിലേ പ്രസിഡന്റായി തുടരുകയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.ട്വന്റി 20 സിനിമ എടുത്ത ദിലീപ് 5 കോടി രൂപ അമ്മയ്ക്ക് നൽകിയോ എന്ന ചോദ്യത്തിനോട് ഒരു നടനോടും സംഭാവന വാങ്ങിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

അമ്മയുടെ വിശദീകരണങ്ങൾ

 സംഘടനയെ പൊതുജനമദ്ധ്യത്തിൽ നാണം കെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന നടിമാരോട് വിശദീകരണം ചോദിക്കും.

 മീ ടൂ കാമ്പെയിനിൽപ്പെട്ട അലൻസിയറോട് വിശദീകരണം ചോദിക്കും. അതിക്രമത്തിന് ഇരയായ പെൺകുട്ടി അമ്മയിൽ അംഗമല്ലെങ്കിലും പരാതി തന്നാൽ സ്വീകരിക്കും.

 മുകേഷിനെതിരെയും പരാതി വന്നാൽ വിശദീകരണം ചോദിക്കും.

 സംഘടനയുടെ ബൈലാ ഭേദഗതിക്ക് പ്രാരംഭ നടപടികൾ ആരംഭിച്ചു.ഇതിനായി അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടു.

 വനിതകൾക്ക് പരാതി പറയാൻ കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവർ ചേർന്ന വനിതാകമ്മിറ്റി ഉണ്ട്.

 അമ്മ തൊഴിൽദാതാക്കളല്ലാത്തതുകൊണ്ട് ഇന്റേണൽ കംപ്ളെയിനിംഗ് കമ്മിറ്റി ആവശ്യമുണ്ടോ എന്ന കാര്യത്തിലുള്ള നിയമപരമായ സംശയം പരിഹരിക്കണം.

 ഔദ്യോഗിക വക്താവിനെ നിയമിക്കും.