mookambi-temple-vidhyarab
പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭത്തിൽ കുന്നത്തൂരില്ലത്ത് ഡോ. വിഷ്ണുനമ്പൂതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നു

പറവൂർ : വിദ്യാരൂപിണിയായ സരസ്വതി ദേവിയെ വണങ്ങി അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ ആയിരക്കണക്കിന് കുരുന്നുകളെത്തി. ദേവീസന്നിധിയിൽ ഗുരുക്കന്മാരിൽ നിന്ന് നാവിൻ തുമ്പിൽ ഹരിശ്രീ ഏറ്റുവാങ്ങിയും അരിമണികളിൽ അക്ഷരമെഴുതിയും കുട്ടികൾ അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവെച്ചു.

പുലർച്ചെ തന്നെ കുട്ടികളുമായി മാതാപിതാക്കൾ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. മൂന്നു മണിക്ക് ദേവിയുടെ പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. അഷ്ടാഭിഷേകം സരസ്വതി പൂജ, ശീവേലി, പന്തീരടി പൂജക്ക് ശേഷം നാലമ്പലത്തിനുള്ള പ്രത്യേക തയ്യറാക്കിയ മണ്ഡപത്തിൽ നിന്ന് പൂജയെടുത്തു. വിദ്യാദേവതയായ സരസ്വതി ചൈതന്യം ശ്രീകോവിലിൽ നിന്ന് പുറത്ത് പ്രത്യേകം തയ്യറാക്കിയ വിദ്യാരംഭ മണ്ഡപത്തിലേക്ക് ക്ഷേത്രം മേൽശാന്തി കൊല്ലാനത്ത് മഠം കെ.യു. രാമചന്ദ്രൻ പോറ്റിയുടെ കാർമ്മികത്വത്തിൽ എഴുന്നള്ളിച്ചതോടെ വിദ്യാരംഭം തുടങ്ങി. നാമ്പലത്തിലും വിദ്യാരംഭ മണ്ഡപത്തിലെ ദേവി വിഗ്രഹത്തിനു മുന്നിലും നിറപറയും നിലവിളക്കുമൊരുക്കി പതിനെട്ട് ഗുരുക്കന്മാർ കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. രണ്ടായിരത്തിലധികം കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്.

ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്നുവന്ന കളഭാഭിഷേകത്തിനും ഉച്ചപ്പൂജയ്ക്കും ശേഷം നടയടച്ചു. ദീപാരാധനയ്ക്കു ശേഷം ദേവിയുടെ പ്രധാന വഴിപാടായ കഷായനിവേദ്യം സ്വീകരിക്കാൻ നിരവധി ഭക്തർ എത്തിയിരുന്നു. ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോ പരിപാടിയോടെ നവരാത്രി മഹോത്സവം സമാപിച്ചു.